തിരുവനന്തപുരം: മദ്യപിച്ചുവെന്ന കാരണത്താല്‍ ഇനി നിങ്ങളെ പോലീസ് പിടിക്കില്ല. ഇക്കാരണം പറഞ്ഞ് ഇനി ആരെയും അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍.
മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ മാത്രം നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍ വന്നത്.
മദ്യപിക്കുന്നവരെ തോന്നും പോലെ അറസ്റ്റ് ചെയ്യുന്ന നടപടി പോലീസ് ഒഴിവാക്കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കാരണമില്ലാതെ മദ്യപിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് മനുഷ്യാവകശ കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തായിരുന്നു കമ്മീഷന്റെ നടപടി.
കണ്‍സ്യൂമര്‍ഫെഡും, ബിവറേജസ് കോര്‍പ്പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു സുരേഷ് ബാബുവിന്റെ പരാതി. തിരുവനന്തപുരം ഫോര്‍ട്ട് സബ്ഡിവിഷന് കീഴില്‍ വരുന്ന നേമം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് പ്രധാനമായും പരാതിയില്‍ കുറ്റപ്പെടുത്തിയത്.
എന്നാല്‍ തങ്ങള്‍ മദ്യപിച്ച് പൊതുസ്ഥലങ്ങളിലിരുന്ന് പ്രശ്നം ഉണ്ടാക്കുന്നവര്‍ക്ക് എതിരെയും പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവര്‍ക്ക് എതിരെയും മാത്രമാണ് നടപടിയെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മതിയായ ജാമ്യവ്യവസ്ഥയില്‍ ഇവരെ വിട്ടയക്കാറുണ്ടെന്നും ആര്‍ക്കെതിരെയും വ്യക്തിവൈരാഗ്യം മൂലം നടപടിയെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.