തിരുവനന്തപുരം: കേരളത്തെ നടുക്കിയ മഹാപ്രളയകാലത്ത് സംസ്ഥാനത്തെ ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വായിച്ചു നോക്കിയിട്ട് മറുപടി പറയാമെന്ന് ധനമന്ത്രി തോമസ് ഐസക്. കോടതിയില്‍ സര്‍ക്കാരിനും പറയാന്‍ അവസരം ഉണ്ടാകുമല്ലോ എന്നും തോമസ് ഐസക് പ്രതികരിച്ചു.
കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേകുന്ന റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്നും ഇതേക്കുറിച്ച് പരിശോധിക്കണം എന്നാവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് കേരള ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന് ബെഞ്ച് നിയമിച്ചത്.