വയനാട്: വാഹന പരിശോധനയിക്കിടെ വയനാട്ടില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഏഴുലക്ഷം രൂപ പിടികൂടി. സുല്‍ത്താന്‍ ബത്തേരി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരനില്‍ നിന്നാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്ക്വാഡ് പണം പിടികൂടിയത്.
ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സ്കൂട്ടറിന്റെ സീറ്റിനടിയില്‍ പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു പണം. മുന്നൂറ് 2000രൂപ നോട്ടുകളും ഇരുന്നൂറ് 500രൂപ നോട്ടുകളുമാണ് ഉണ്ടായിരുന്നത്. പണം കൈവശം വെയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഒന്നും ഇല്ലായിരുന്നു.
അതിനാല്‍ കസ്റ്റഡിയിലെടുത്ത പണം തുടര്‍നടപടികള്‍ക്കായി കലക്ടറേറ്റിലെ ഫിനാന്‍സ് വിങിന് കൈമാറി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 50000 രൂപയില്‍ കൂടുതല്‍ പണമായി കൈവശം സൂക്ഷിക്കുന്നവര്‍ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കുന്ന രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് അനധികൃതമായി പണം കടത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമോ നിയമ വിരുദ്ധ നടപടികളോ ഉണ്ടാകുന്നത് തടയാന്‍ ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വയിലന്‍സ് ടീം, ആദായനികുതി പരിശോധന സ്ക്വാഡ് എന്നിവരെ ജില്ലയിലുടനീളം വിന്യസിച്ചിട്ടുണ്ട്.