തിരുവനന്തപുരം: ഇനി ഡാന്‍സ് ചെയ്തു കൊണ്ട് വിനോദ യാത്ര നടത്തിയാല്‍ പിടി വീഴും. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയ്ക്ക് ഡാന്‍സ് ഫ്ളോര്‍ ബസുകള്‍ ഒഴിവാക്കാന്‍ ഗതാഗത കമ്മിഷണര്‍ വിദ്യാഭ്യാസവകുപ്പിന്റെ സഹായം തേടി. യാത്രാനുമതി നല്‍കുന്നതിന് മുമ്പേ സ്കൂള്‍, കോളേജ് അധികൃതര്‍ ബസുകള്‍ പരിശോധിച്ച് അമിത ശബ്ദസംവിധാനവും ലേസര്‍ഷോയും ഇല്ലെന്ന് ഉറപ്പാക്കണം. ഇത്തരം ബസുകള്‍ അപകടത്തിനിടയാക്കുന്നുവെന്ന് കണ്ടതിനെത്തുടര്‍ന്നാണ് മുന്‍കരുതല്‍.
മോട്ടോര്‍വാഹനവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 968 ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ഷോയും അമിത ശബ്ദസംവിധാനവും ഒരുക്കിയിരുന്നു. ഇവയിലെ ലൈറ്റുകളും അമിത ശബ്ദസംവിധാനങ്ങളും നീക്കംചെയ്തു. അഞ്ചുലക്ഷം രൂപ പിഴയും ഈടാക്കി. പരിശോധന തുടരുകയാണ്.
തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്. 571 ബസുകള്‍ പിടികൂടി. ബസുകളുടെ പുറത്ത് പതിച്ചിട്ടുള്ള സഭ്യമല്ലാത്ത ചിത്രങ്ങള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്കി. അനുവദനീയമായതിന്റെ നാലിരട്ടി ശബ്ദസംവിധാനം മിക്ക ബസുകളിലുമുണ്ട്. യാത്രയ്ക്കിടെ ഒട്ടേറെ പെണ്‍കുട്ടികള്‍ ബാലന്‍സ് തെറ്റി കുഴഞ്ഞുവീണ സംഭവങ്ങളുണ്ട്. ഡ്രൈവര്‍ ക്യാബിനില്‍ ഘടിപ്പിക്കുന്ന ലേസര്‍ലൈറ്റുകള്‍ മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരെ അപകടത്തില്‍പ്പെടുത്തുന്നുണ്ട്. നീക്കംചെയ്ത ലൈറ്റുകളും സ്പീക്കറുകളും വീണ്ടും ഘടിപ്പിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും.
ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാന്‍ 20 ലക്ഷം രൂപവരെ മുടക്കിയ ബസ്സുടമകളുണ്ട്. ബസിന്റെ ഉള്‍ഭാഗത്തെ പ്ലാറ്റ്ഫോം ഗ്ലാസില്‍ നിര്‍മിക്കുകയും അതിനടിയില്‍ ലൈറ്റ് സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു.