തൃശ്ശൂര്‍: വന്‍ വിവാദം സൃഷ്ടിച്ച പാദ പൂജയില്‍ ഖേദം പ്രകടിപ്പിച്ച് തൃശ്ശൂര്‍ ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂള്‍. സ്‌കൂള്‍ പിടിഎ, സ്റ്റാഫ് എന്നിവരുടെ പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് വിദ്യാലയം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി പറയുന്നത്.
പത്രക്കുറിപ്പില്‍ നിന്ന്;
വിദ്യാര്‍ത്ഥികളില്‍ മാതാപിതാക്കളോടും മുതിര്‍ന്നവരോടും ഗുരുക്കന്മാരോടും ബഹുമാനം ഭക്തി തുടങ്ങിയ മൂല്യങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തില്‍ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഒരു പരിപാടിയാണ് ഗുരുവന്ദനം. ഈ വര്‍ഷവും വിദ്യാലയത്തില്‍ വെള്ളിയാഴ്ച(27072018) രാവിലെ അസംബ്ലിയോടനുബന്ധിച്ച് ക്ലാസുകളില്‍ ഗുരുവന്ദനം നടത്തുകയുണ്ടായി. യാതൊരു വിധ ജാതി മത സമുദായ വിഭാഗിയതകളുമില്ലാതെ തീര്‍ത്തും മൂല്യാധിഷ്ഠിത ഉദ്ദേശശുദ്ധിയോടെ നടത്തപ്പെട്ട ഈ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ആരെയും നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല, വിദ്യാലയത്തില്‍ നടന്ന ഈ പരിപാടികൊണ്ട് ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള മനോവിഷമമോ ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ വിദ്യാലയം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
നേരത്തെ പാദ പൂജയില്‍ ഡിപിഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍ ഡിഇഒയോടാണ് ഡിപിഐ വിശദീകരണം തേടിയത്. അതേസമയം ഗുരുപൂജയില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.