തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍. ഏപ്രില്‍ 4 വരെ പത്രികകള്‍ സ്വീകരിക്കും. പൊതു അവധി ദിവസങ്ങളിലൊഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. അടുത്ത മാസം 23നാണ് വോട്ടെടുപ്പ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ മേയ് 23 നാണ്. വരണാധികാരിയായ ജില്ലാ കളക്ടര്‍മാര്‍ക്കാണ് പത്രിക നല്‍കേണ്ടത്.
സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ചു പേര് മാത്രമേ പത്രികാ സമര്‍പ്പണത്തിന് എത്താവൂ എന്നു നിര്‍ദേശിച്ചിട്ടുണ്ട്. വരണാധികാരിയുടെ ഓഫീസായ സിവില്‍ സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം മൂന്നു വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പോലീസിനെ വിന്യസിക്കും.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സ്ഥാനാര്‍ഥിയുടെ പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഫോം 26 കൂടി സമര്‍പ്പിക്കണം. സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരങ്ങള്‍, വായ്പ വിവരങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള കുടിശികയുടെ വിവരങ്ങള്‍ തുടങ്ങിവ ഇതില്‍ രേഖപ്പെടുത്തണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നയാളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അവ സംബന്ധിച്ച എഫ്ഐആര്‍ അടക്കമുള്ള പൂര്‍ണ വിവരങ്ങളും ഫോം 26ല്‍ പരാമര്‍ശിക്കണം.
ജനറല്‍ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ത്ഥിയാകാന്‍ കെട്ടിവയ്ക്കേണ്ട തുക. ഏപ്രില്‍ അഞ്ചിനാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. എട്ടു വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.