കണ്ണൂര്‍: പരീക്ഷയുടെ അവസാനദിവസം ആഘോഷിക്കാന്‍ ബാഗുകളിലാക്കിയും മറ്റും ഒളിപ്പിച്ചു കൊണ്ടു വന്ന മൊബൈല്‍ ഫോണുകളും പടക്കങ്ങളും മുഖം മൂടിയും വാദ്യോപകരണങ്ങളുമായി എത്തിയ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം പോലീസിന്റെ നേത്യത്വത്തില്‍ സ്കൂള്‍ അധികൃതര്‍ മുളയിലേ നുള്ളിക്കളഞ്ഞു.
ആറളം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷ തീരുന്ന ദിവസം ആഘോഷങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നില്‍ കണ്ട അധ്യാപകര്‍ പരീക്ഷ നടക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥികളുടെ ബാഗ് പരിശോധിക്കുകയായിരുന്നു.
പരിശോധനയില്‍ വിലപിടിപ്പുള്ള 30 മൊബൈല്‍ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങള്‍, മുഖംമൂടികള്‍, വിവിധ തരം ചായങ്ങള്‍, വലിയ തരം വാദ്യോപകരണങ്ങള്‍ എന്നിവ കണ്ടെത്തി. ഉടനെ അധ്യാപകര്‍ പോലീസിനെ വിവരമറിയിച്ചു. സ്കൂളിലെത്തിയ പോലീസ് പരീക്ഷ കഴിയും വരെ കാവല്‍ നില്‍ക്കുകയും ശേഷം അധ്യാപകര്‍ കൈമാറിയ സാധനങ്ങള്‍ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു.
പോലീസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയും ഉടന്‍ സ്റ്റേഷനിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയ രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ കണ്ട് അമ്പരന്നു. ഒടുവില്‍ വിദ്യാര്‍ത്ഥികള്‍ ക്ഷമാപണം നടത്തിയ ശേഷം സാധനങ്ങള്‍ പോലീസ് തിരികെ നല്കി.