ന്യൂഡല്‍ഹി: വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ ഉള്‍പ്പടെ യാതൊരു തരത്തിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും അനുവദിക്കുന്നതല്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങള്‍ക്ക് തയ്യാറാക്കിയ പെരുമാറ്റച്ചട്ടത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമായി.
തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ മുമ്പ് ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പ്രചാരണങ്ങളും അനുവദിക്കുന്നതല്ല. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ ഉടനടി നീക്കം ചെയ്യുമെന്നും പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നു.
കൂടാതെ രാഷ്ട്രീയ പരസ്യങ്ങള്‍ കടന്നുകൂടിയാല്‍ പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്നും ചട്ടങ്ങളില്‍ പറയുന്നു. നോഡല്‍ ഓഫീസറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇത്തരത്തില്‍ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങളും മറ്റും പ്രസിദ്ധീകരിക്കുകയെന്നും അല്ലാത്ത പക്ഷം ഒന്നും പ്രസിദ്ധീകരിക്കില്ലെന്നും യൂട്യൂബും ഗൂഗിളും വ്യക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലീഷിലും ഹിന്ദിയിലും, മറ്റ് പ്രാദേശിക ഭാഷകളും വിദഗ്ധരായ പ്രത്യേക ഉദ്യോഗസ്ഥരെയും ടീമിനെയും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി നിയമിക്കുമെന്നും യൂട്യൂബ് അറിയിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് വിളിച്ചു ചേര്‍ത്ത യോഗത്തെ തുടര്‍ന്നാണ് പെരുമാറ്റച്ചട്ടം കമ്പനികള്‍ സ്വയം തയ്യാറാക്കിയത്. ഇതാദ്യമായാണ് ഓണ്‍ലൈന്‍ ക്യാംപെയിനുകള്‍ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കുന്നത്.