കോഴിക്കോട്: സംസ്ഥാനത്ത് വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞെന്ന് ഭൂജല വകുപ്പ്. പാലക്കാട്, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ജലലഭ്യത ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. നല്ല വേനല്‍മഴ കിട്ടിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ആശങ്കാജനകമാകുമെന്നാണ് ഭൂജലവകുപ്പിന്റെ വിലയിരുത്തല്‍.
സമുദ്രനിരപ്പിന്റെ അടിസ്ഥാനത്തില്‍ ഓരോ സ്ഥലത്തും ഉണ്ടാവേണ്ട ജലവിതാനം നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂഗര്‍ഭജലത്തിലെ വ്യതിയാനം കണക്കാക്കുന്നത്. ഇപ്പോള്‍ ഭൂഗര്‍ഭ ജലം പകുതിയായി കുറഞ്ഞതോടെ കേരളം കൊടുംവരള്ച്ചയിലേക്കെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഭൂജല വകുപ്പ്.
സംസ്ഥാനത്ത് വേനല്‍മഴ കുറഞ്ഞത് ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയാന്‍ പ്രധാന കാരണമായി. പ്രളയത്തെ തുടര്‍ന്ന് ഉപരിതല മണ്ണ് ഒലിച്ചുപോയതും ജലനിരപ്പ് താഴാനിടയാക്കി. ക്രമാതീതമായി ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നതോടെ ഭൂജലവകുപ്പ് ജല ദുരുപയോഗം തടയാന്‍ പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്കി.
വ്യവസായങ്ങള്‍ക്ക് കുഴല്‍കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രശ്നം കൂടുതല്‍ ബാധിച്ച ജില്ലകളില്‍ മദ്യ, കുപ്പിവെള്ള കമ്പനികള്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല. ആര്‍ട്ടിഫിഷല്‍ റീചാര്‍ജിലൂടെ ജല അളവ് കൂട്ടുന്ന കാര്യം പരിഗണനയിലാണ്.