കൊച്ചി: യുഡിഎഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണച്ചൂടില്‍ തിളയ്ക്കുകയാണ് എറണാകുളം ലോക്സഭാ മണ്ഡലം. വോട്ട് അഭ്യര്‍ത്ഥിച്ച് ജനങ്ങളിലേക്ക് ഇറങ്ങുന്ന സ്ഥാനാര്‍ത്ഥികളെ ഇനി നമുക്ക് എവിടേയും എപ്പോഴും പ്രതീക്ഷിക്കാം.
രാഷ്ട്രീയ കൊലക്കത്തിയ്ക്കിരയായി കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കലാലയത്തില്‍ വോട്ട് തേടി എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് എത്തിയപ്പോള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും മാതാഅമൃതാനന്ദമയിയുടെയും പിന്തുണ തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനും പ്രചാരണം ശക്തമാക്കി.
വര്‍ഗീയതയ്ക്കെതിരായ മുദ്രാവാക്യമുയര്‍ത്തിയാണ് മഹാരാജാസ് കോളേജില്‍ പി രാജീവ് പ്രചാരണത്തിനിറങ്ങിയത്. ചുവപ്പ് പരന്ന മഹാരാജാസിന്റെ മണ്ണില്‍ നേതാവിന് ഊജ്വലസ്വീകരണമാണ് ഒരുക്കിയത്.