മഴ ശക്തമായതിനെത്തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന് 2395.30 അടിയായി. ഇതോടെ ഡാം തുറക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശവാസികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. കൂടാതെ, ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടാലുള്ള നാശനഷ്ടങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.
ചെറുതോണിയിലും പെരിയാറിന്റെ തീരത്തുള്ള കരിമണല്‍ വൈദ്യുത നിലയം വരെയുള്ള പ്രദേശത്തുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവിടുമ്പോള്‍ ഏറ്റവു കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. ഷട്ടറുകള്‍ തുറന്നു വിടുമ്പോഴുള്ള നാശനഷ്ടങ്ങള്‍ നേരിടാന്‍ ജില്ലാ ഭരണകൂടം എല്ലാവിധ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമൊന്നുമല്ല. ഇതിനു മുമ്പും ഇടുക്കിയില്‍ ഡാം ഷട്ടറുകള്‍ തുറന്നുവിട്ട സാഹചര്യങ്ങളെ ജനങ്ങള്‍ പക്വതയോടെ നേരിട്ടിട്ടുണ്ട്. പ്രധാനമായും മൂന്ന് ഡാമുകള്‍ കൂടിച്ചേര്‍ന്നതാണ് ഇടുക്കി പദ്ധതി. ഇടുക്കി, കുളമാവ്, ചെറുതോണി അണക്കെട്ടുകള്‍ ചേര്‍ന്ന ഒറ്റ ജല സംഭരണിയാണ് ഇടുക്കി ഡാമിന്റെ പ്രത്യേകത.
ഏകദേശം 2403 അടിയാണ് ഈ ജലസംഭരണിയുടെ പരമാവധി ശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാറുള്ളത്.
ഈ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയോടെ നിലവിലെ സാഹചര്യത്തെ കാണുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സാഹചര്യങ്ങളെ ഇതിനു മുമ്പും നേരിട്ട ജനതയാണ് ഇവിടെയുള്ളത്.
ഏകദേശം 37 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ഇടുക്കി ഡാം തുറന്നത്. അന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ എന്താണ് സംഭവിക്കുക എന്നറിയാന്‍ നിരവധി പേരാണ് ചെറുതോണിയിലും സ്പില്‍വേ ഗേറ്റുകളിലും എത്തിയിരുന്നത്. അന്നത്തെ ജനക്കൂട്ടത്തെ വടം കെട്ടിയാണ് പോലീസ് നിയന്ത്രിച്ചത്. ഇതോടൊപ്പം അനൗണ്‍സ്മെന്റുകളും കൃത്യമായ മുന്നറിയിപ്പുകളും അന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ രണ്ട് ഷട്ടറുകളായിരുന്നു ആദ്യം ഉയര്‍ത്തിയത്. അന്ന് ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെ ഏകദേശം 11 വര്‍ഷത്തിന് ശേഷം സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. 1992 ഒക്ടോബര്‍ 11 ന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയിരുന്നു. സമാനമായ സാഹചര്യം 2013 ല്‍ ഉണ്ടായെങ്കിലും ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. അന്ന് ജലനിരപ്പ് ഏകദേശം 2401.5 അടി വരെ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ഇതാ 1992 ന് ശേഷം ഇരുപത്താറു വര്‍ഷങ്ങള്‍ക്കിപ്പുറം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴത്തെ ജലനിരപ്പ് 2397 അടി എത്തിയിരിക്കുകയാണ്. അതോടൊപ്പം മഴ കനത്തുക്കൊണ്ടിരിക്കുന്നതും ഷട്ടറുകള്‍ തുറക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സംഭരണിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുന്ന സാഹചര്യം വന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഒരേസമയം ഉയര്‍ത്തേണ്ടിവരും. വെള്ളപ്പൊക്കമുണ്ടാകാനും നാശനഷ്ടങ്ങള്‍ക്കും ഇത് ഇടയാക്കിയേക്കും. നിയന്ത്രിതമായ അളവില്‍ നേരത്തേ ഉയര്‍ത്തിയാല്‍ നാശനഷ്ടം ഒഴിവാക്കാം ചെറുതോണി അണക്കെട്ട് തുറന്ന 1992 നു ശേഷം പെരിയാറിന്റെ തീരത്തു വന്‍തോതില്‍ കയ്യേറ്റവും അനധികൃത നിര്‍മാണങ്ങളും നടന്നിട്ടുണ്ട്.