കോട്ടയം: കേരളാ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പിജെ ജോസഫ്. പാര്‍ട്ടിയില്‍ വൈസ് ചെയര്മാന് ജോസ് കെ മാണിക്കും വര്‍ക്കിംഗ് ചെയര്‍മാനായ തനിക്കും രണ്ട് നീതിയെന്ന് പിജെ ജോസഫ് വിമര്‍ശിച്ചു.
പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകില്ലെന്നും, പാര്‍ട്ടിക്ക് അകത്ത് നിന്ന് പൊരുതുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്നും തന്നെ മനഃപൂര്‍വും മാറ്റിനിര്‍ത്താനായി പ്രാദേശീകവാദം ഉന്നയിക്കുക ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നിലപാടില്‍ നിന്നും പിന്മാറിയതായും പിജെ ജോസഫ് അറിയിച്ചു. ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ പിന്മാറുകയാണെന്ന് പിജെ ജോസഫ് വിശദീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിജെ ജോസഫ് പറഞ്ഞു.