കൊല്ലം: ജെസ്നയ്ക്കു പിന്നാലെ കൊല്ലത്തു നിന്നും ഷബിന എന്ന പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറയില്‍ ഇബ്രാഹിംകുട്ടിയുടെ മകള്‍ ഷബിന(18)യെയാണ് ജൂലായ് 17 മുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് പിഎസ്സി പരിശീലന ക്ലാസിന് പോയ ഷബിനയെ ദുരൂഹസാഹചര്യത്തില്‍ കാണാതാകുകയായിരുന്നു.
ഷബിനയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭ്യമായിട്ടില്ല. ജൂലായ് 17ന് രാവിലെ 9.30-നാണ് കടവൂരിലെ പിഎസ്സി പരിശീലന കേന്ദ്രത്തിലേക്കെന്ന് പറഞ്ഞ് ഷബിന വീട്ടില്‍ നിന്നിറങ്ങിയത്. പെണ്‍കുട്ടിയുടെ ബാഗും പുസ്തകങ്ങളും പിന്നീട് കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലം ബീച്ചിന് സമീപത്തെ റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതിനിടെ, പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഈ യുവാവും ഷബിനയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കാണാതാകുന്നതിന്റെ മൂന്നുദിവസം മുമ്പാണ് വീട്ടുകാര്‍ അറിഞ്ഞത്. 5.5 അടി ഉയരവും ഇരുനിറവും മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഷബിന, കാണാതാകുന്ന ദിവസം കറുത്ത ടോപ്പും ബ്രൗണ്‍ കളര്‍ പാന്റും ഷാളുമായിരുന്നു ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണാതായി രണ്ടാഴ്ച പിന്നിട്ടിട്ടും വിവരം ലഭിക്കാത്തതിനാല്‍ പോലീസ് അന്വേഷണസംഘം വിപുലീകരിച്ചിട്ടുണ്ട്.