ഇരിട്ടി: ആദിവാസിയായ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല്പ്പത്തഞ്ചുകാരന് അറസ്റ്റില്‍. കീഴ്പ്പള്ളി വട്ടപറമ്പിലെ പുരയിടത്തില്‍ ബെന്നിയാണ് പോലീസ് പിടിയിലായത്. അതീവ ഗുരുതരാവസ്ഥയിലായ വയോധിക തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ വയോധികയാണ് ക്രൂരപീഡനത്തിന് ഇരയായത്. ഈ മാസം നാലിനായിരുന്നു സംഭവം. രാത്രിയില്‍ പുഴത്തീരത്ത് വെച്ച് പീഡിപ്പിക്കപ്പെട്ട വയോധികയെ ബന്ധുക്കള്‍ ചേര്‍ന്ന് നടത്തിയ തെരട്ടിലിനൊടുവില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
അവശയായ ഇവരെ ബന്ധുക്കളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ വ്യാഴാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ധ ചിതിത്സ ആവശ്യമുള്ളതിനാല്‍ പിന്നീട് തലശ്ശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ബന്ധുക്കള്‍ പുറത്താരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ രണ്ടു ദിവസം മുന്‍പ് വിവരമറിഞ്ഞ ആദിവാസി പ്രമോട്ടര്‍ ആറളം പോലിസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സ്ത്രീപീഡനത്തിനും ആദിവാസി പീഡനത്തിനുമാണ് കേസ്.