കോട്ടയം: വിവാദനോവല്‍ ‘മീശ’ പുസ്തകമാക്കുന്നതിനെതിരെ ഡി.സി ബുക്സിനും രവി ഡിസിയ്ക്കും ഭീഷണി. അതിനിടെ, വിവാദ നോവല്‍ പുസ്തകമാക്കുന്ന വിവരം പുറത്തുവന്നതോടെ ഡി.സി ബുക്സ് ഉടമക്കും സ്ഥാപനമേധാവികള്‍ക്കും എതിരെ സമൂഹമാധ്യമങ്ങളില്‍ ഭീഷണിയുമായി ചിലസംഘടനകളും പ്രവര്‍ത്തകരുമാണ് രംഗത്ത്. ഫോണിലും ഭീഷണിയുണ്ട്. മുമ്പ് ഭീഷണി മുഴക്കിയവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന സൂചനയാണ് പ്രസാധകര് നല്‍കുന്നത.്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു തുടങ്ങിയ നോവല്‍ സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നോവല്‍ പുസ്തകമാക്കാനുള്ള തീരുമാനം.
കഥാകൃത്ത് എസ്. ഹരീഷും ഡിസി ബുക്സ് ഉടമ രവി ഡിസിയും ഇതുസംബന്ധിച്ച് ധാരണയില്‍ എത്തിയതായാണ് വിവരം. മോശമായ ഭാഷയില്‍ തനിക്കും സ്ഥാപനത്തിനും എതിരെ ഭീഷണി മുഴക്കിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രവി ഡിസി കോട്ടയം ഈസ്റ്റ് പൊലീസിന് പരാതി നല്കി. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രസ്താവനകളും ഭീഷണി സന്ദേശവും സ്ഥിരമായി പോസ്റ്റ് ചെയ്യുന്നത് ഒറ്റപ്പാലം സ്വദേശി കൃഷ്ണന് ചുടുവലത്തൂര്‍ എന്നയാളാണെന്നും സിഐ സാജു വര്‍ഗീസിന് നല്കിയ പരാതിയിലുണ്ട്.
ഇത്തരം നടപടി മൂലം തനിക്കും സ്ഥാപനത്തിനും സല്പേര് നഷ്ടമാകുകയും മാനഹാനി സംഭവിക്കുകയും സമൂഹമധ്യത്തില്‍ അവമതിപ്പിന് ഇടയാക്കുകയും ചെയ്തു. ഒരു എഴുത്തുകാരന്റെ പുസ്തകം പ്രസിദ്ധീകരിക്കുക എന്നതിനപ്പുറം മറ്റൊരു ഉദ്ദേശ്യവും തനിക്കില്ല -പരാതിയില്‍ പറയുന്നു.
രവി ഡി.സിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സി.ഐ സാജു വര്‍ഗീസ് അറിയിച്ചു. പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്ന മീശ നോവല്‍ പുസ്തകമാക്കുമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ് നീണ്ടൂര്‍ പബ്ലിക് ലൈബ്രറിയില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കവെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.