കൊല്ലം: സംസ്ഥാനത്ത് ഒന്നരമാസത്തിലേറെയായി തുടരുന്ന മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. മത്സ്യ ബന്ധനത്തിനായി കടലില്‍ പോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിപ്പിലാണ് തൊഴിലാളികള്‍. സംസ്ഥാനത്തെ 3800 ഓളം ബോട്ടുകളാണ് 31ന് അര്‍ധരാത്രിയോടെ ചാകരക്കോള് തേടി കടലിലേക്ക് കുതിക്കുക.
ബുധനാഴ്ച പുലര്‍ച്ചയോടെ ഹാര്‍ബറുകള്‍ വീണ്ടും സജീവമാകും. മുന്‍വര്‍ഷങ്ങളില്‍ 47 ദിവസമായിരുന്നു നിരോധനമെങ്കില്‍ ഇത്തവണ 52 ദിവസമായിരുന്നു. ശക്തമായ മഴ കിട്ടിയതിനാല്‍ കൂടുതല്‍ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യമേഖല. ട്രോളിങ് നിരോധന കാലത്ത് മിക്കവാറും പേര് പണം കടം വാങ്ങിയും മറ്റുമാണ് നിത്യവൃത്തി കഴിച്ചിരുന്നത്.