തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് പത്ത് മണി മുതല്‍ നാല് മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതിന് വിലക്ക്. കേരളത്തില്‍ കൂടിവരുന്ന ചൂട് കണക്കാക്കിയാണ് ഈ തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ആണ് നിരോധന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചൂടിന് മാറ്റം വരുന്നതുവരെ എഴുന്നള്ളിക്കുന്നത് മാത്രമല്ല, തുറസായ സ്ഥലങ്ങളില്‍ ആനകളെ നിര്‍ത്തുന്നതും ലോറിയില്‍ കയറ്റി കൊണ്ടു പോകുന്നതും താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്.
ഈ ഉത്തരവ് ചില ഉത്സവ ചടങ്ങുകള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. എങ്കിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള കനത്ത ചൂട് പരിഗണിച്ചും ആനകള്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ട് പരിഗണിച്ചും ആന ഉടമകളും ആന ഡെക്കറേഷന് ഏജന്റുമാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പാലിക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആഘോഷ കമ്മിറ്റികളെ നിലവിലുള്ള ബുദ്ധിമുട്ടുകള്‍ കൃത്യമായി ബോധ്യപ്പെടുത്തുകയും ഇതിനോട് സഹകരിപ്പിക്കുകയും ചെയ്യണം. ഉച്ച സമയത്ത് എഴുന്നള്ളിപ്പുകള്‍ ഒഴിവാക്കണം. യാതൊരു കാരണവശാലും വിശ്രമത്തിനായി നേരിട്ട് വൈയില്‍ ഏല്ക്കുന്ന വിധം തുറസായ സ്ഥലത്ത് ആനകളെ നിര്‍ത്തരുത്. 10 മുതല്‍ നാല് മണിവരെ ആനകളെ ലോറിയില്‍ യാത്രക്കായി കൊണ്ട് പോകരുത്. എന്നിവയാണ് നിര്‍ദേശങ്ങള്‍. എല്ലാ ആന ഉടമകളും ഏജന്റ് മാരും നിര്‍ദ്ദേശം കര്‍ശ്ശനമായും പാലിക്കണമെന്നും ഫെഡറേഷന് ആവശ്യപ്പെട്ടു.