തിരുവനന്തപുരം: നാലു ദിവസം കൊണ്ട് 19.43 ലക്ഷം രൂപയുടെ തിരിമറി നടത്തിയ ബാങ്ക് കാഷ്യറെ നാലു വര്‍ഷം കഠിന തടവ്. കോട്ടയം തലപ്പുലം സ്വദേശി ദിലീപ്കുമാറിനാണ് കോട്ടയം വിജിലന്‍സ് കോടതി ശിക്ഷിച്ച വിധിച്ചത്. ദിലീപ്കുമാര് കോട്ടയം മീനച്ചല്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഈരാറ്റുപേട്ട പ്രഭാത – സായാഹ്ന ശാഖയില്‍ കാഷ്യറായിരുന്നു.
അഴിമതി നിരോധന നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ട് ഓരോ വകുപ്പിനും നാലു വര്‍ഷം വീതം കഠിനതടവിനും 25000 രൂപ വീതം പിഴ അടക്കുവാനുമാണ് ജഡ്ജി വി ദിലീപ് വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.
2008 മാര്‍ച്ച് 18മുതല്‍ 22 വരെയുള്ള അഞ്ച് ദിവസം കൊണ്ട് ക്യാഷ് ബാലന്‍സ് കാണിക്കാതെ 19,43,584 രൂപ തിരിമറി നടത്തിയതിനായിരുന്നു വിജിലന്‍സ് കേസ്. രണ്ടാം പ്രതിയും ബ്രാഞ്ച് മുന്‍ മാനേജരുമായിരുന്ന പൂഞ്ഞാര്‍ സ്വദേശി പിജെ ജോസിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
കോട്ടയം വിജിലന്‍സ് കിഴക്കന്‍ മേഖല മുന്‍ഡിവൈഎസ്പി പിയു കുര്യാക്കോസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഡിവൈഎസ്പിയായിരുന്ന എസി ജോസഫാണ്.