ചെറുതോണി അണക്കെട്ട് തുറക്കുമെന്നിരിക്കെ പെരിയാറിന്റെ തീരവാസികള്‍ ആശങ്കയിലാണ്. അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പലരും വീടൊഴിഞ്ഞ് പോയി. 26 വര്‍ഷം മുന്‍പ് ഡാം തുറന്നപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
ചെറുതോണി ഗാന്ധിനഗറിലെ റോഡ്, ഈ റോഡിന്റെ അടിവാരത്തുകൂടെ ഒഴുകുന്ന പെരിയാറിന്റെ ഏകദേശം 75 മീറ്ററോളം ഉയരമുള്ള പ്രദേശം. ഡാം തുറന്നാല്‍ ഒരുപക്ഷേ ഇവിടെ വരെ വെള്ളമെത്താം. രണ്ടര പതിറ്റാണ്ട് മുന്‍പ് ഡാം തുറന്നപ്പോഴുള്ള ഭൗതിക സാഹചര്യമല്ല ഇപ്പോഴുള്ളത്. നദീതീരം വ്യാപകമായി കയ്യേറി. നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ടു. അതുകൊണ്ട് തന്നെ ആശങ്ക വര്‍ദ്ധിക്കുകയാണ്.
ഡാം തുറന്നാല്‍ ആദ്യം വെള്ളം ഒഴുകിയെത്തുന്ന ചെറുതോണിയുടെ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രം 400 ഓളം കുടുംബങ്ങളുണ്ട്. പലരും വീടൊഴിഞ്ഞ് പോയെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്ക് പ്രദേശത്ത് കനത്ത ആഘാതം ഉണ്ടാക്കിയേക്കും.