തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുത്തതോടെ വൈദ്യുതിയുടെ ഉപയോഗം വര്‍ധിക്കുന്നു. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം 77 ദശലക്ഷം യൂണിറ്റിന് മുകളിലെത്തിയിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗം ഫെബ്രുവരി 28 നായിരുന്നു. 77.8776 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്.
വേനല്‍ കാലത്തു പവര്‍ കട്ട് ഒഴിവാക്കുമെന്നും പ്രതിസന്ധി അനുഭവപ്പെട്ടാല്‍ പുറത്തു നിന്നു വൈദ്യുതി എത്തിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി എംഎം മണി വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പും, പരീക്ഷ കാലവും എത്തുന്നതോടെ ഉപയോഗം പ്രതിദിനം 85 ദശലക്ഷം യൂണിറ്റ് കടക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രതിദിനം ശരാശരി വൈദ്യുതി ഉപയോഗം 73 ദശലക്ഷം യൂണിറ്റ് എന്നതാണ് ഇപ്പോള്‍ 77 ദശലക്ഷം യൂണിറ്റില്‍ എത്തിയിരിക്കുന്നത്.
പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയിലും റെക്കോര്‍ഡ് വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇന്നലെ 61.3226 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് വാങ്ങിയത്. ഉപയോഗം കൂടുന്നതനുസരിച്ച് 68.3 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ പുറത്തു നിന്ന് എത്തിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്.
എന്നാല്‍ ഇതില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമായി വരികയാണെങ്കില്‍ സംസ്ഥാനത്തെ ഉത്പാദനം ഇനിയും ഉയര്‍ത്തണം. അണക്കെട്ടുകളില്‍ 2322.415 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളമാണുള്ളത്.
പ്രളയാനന്തരം സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയും, ജലക്ഷാമവുമാണു അനുഭവപ്പെടുന്നത്. കിണറുകളും, കുളങ്ങളും, തോടുകളും തുടങ്ങി എല്ലാ ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴുന്ന സ്ഥിതിയിലാണ്. കുടിവെള്ളം കിട്ടാതെ പക്ഷികളും മൃഗങ്ങളും വലയുകയാണ്. വരും ദിവസം ജലക്ഷാമം രൂക്ഷമാവും എന്നാണ് വിലയിരുത്തല്‍