മാഞ്ഞൂര്‍: കുഞ്ഞിനെ മുലയൂട്ടാനെന്ന വ്യാജേനെ വീട്ടില്‍ സൗകര്യം തേടിയെത്തിയവര്‍ 35000 രൂപയുമായി കടന്നുകളഞ്ഞതായി പരാതി. ഏറ്റുമാനൂര്‍ വൈക്കം റോഡില്‍ കിഴവള്ളില്‍ സജിയുടെ വീട്ടില്‍നിന്നാണ് പണം നഷ്ടമായത്. ഞായറാഴ്ചയൈായിരുന്നു സംഭവം.
വീടിന് മുന്പിലെ സ്വന്തം വ്യാപാരസ്ഥാപനത്തില്‍ നില്‍ക്കുമ്പോഴാണ് സജി റോഡരികില്‍ മൂന്ന് സ്ത്രീകള്‍ നില്‍ക്കുന്നത് കണ്ടത്. അവരിലൊരാളുടെ കൈയിലുണ്ടായിരുന്ന കൈക്കുഞ്ഞ് നിര്‍ത്താതെ കരയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സജിയുടെ അമ്മ ഏലിയാമ്മ ഇവരുടെ സമീപത്തെത്തി കാര്യം ചോദിച്ചു.
കൊച്ചിയില്‍നിന്ന് മല്ലപ്പള്ളിയിലേക്ക് പോവുകയാണെന്ന് അവര്‍ മറുപടി നല്കി. കുഞ്ഞിനെ ആദ്യമായിട്ടാണ് പുറത്തുകൊണ്ടുപോകുന്നതെന്നും പറഞ്ഞു. കാറിനുള്ളില്‍വെച്ച് പാല് കൊടുത്തിട്ട് കുടിക്കുന്നില്ലെന്ന് പറഞ്ഞതോടെ ഏലിയാമ്മ വീട്ടിലേക്ക് ക്ഷണിച്ചു. 48 വയസ്സ് പ്രായം തോന്നുന്ന സ്ത്രീയും കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയും സിറ്റൗട്ടിലിരുന്ന് കുപ്പിപാല് കൊടുത്തു. വീണ്ടും കുഞ്ഞ് കരഞ്ഞതോടെ മുലയൂട്ടാന്‍ അകത്ത് സൗകര്യം തരാമോയെന്ന് ഏലിയാമ്മയോട് ചോദിച്ചു.
സമീപത്തെ മുറിയില്‍ കയറി കുറച്ചുകഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കരച്ചില്നിന്നു. ഇതിനിടയില്‍ യുവതി ശൗചാലയത്തില്‍ പോകാന്‍ അനുമതി ചോദിച്ചു. പിന്നീട് ഇവര്‍ മടങ്ങിപോവുകയും ചെയ്തു. പിന്നീട് പണിക്കാര്‍ക്ക് കൂലികൊടുക്കാന്‍ അലമാരയിലിരുന്ന പഴ്സ് തുറന്നപ്പോളാണ് 35,000 രൂപ നഷ്ടമായതായി വീട്ടുകാര്‍ അറിയുന്നത്. വെള്ളനിറത്തിലുള്ള വാഗണര്‍ കാറിലാണ് സംഘമെത്തിയത്.
ഒപ്പമുണ്ടായിരുന്ന 45 വയസ്സ് തോന്നിക്കുന്ന മറ്റൊരുസ്ത്രീ മതിലിനരികില്‍ നില്‍ക്കുകയായിരുന്നു. കാറില്‍ ഡ്രൈവറും 50 വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരാളും ഉണ്ടായിരുന്നു. ഇയാള്‍ മൂന്നുതവണ വീട്ടിലെത്തി കുഞ്ഞിനെ തിരക്കിയതായി സജിയുടെ ഭാര്യ ജസ്മി പറഞ്ഞു. ഈ കാര്‍ കോട്ടയം ഭാഗത്തേക്ക് പോയതായി നമ്പ്യാകുളത്തെ പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. വീട്ടുകാര്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി.