കൊച്ചി: പ്രശസ്ത ചലച്ചിത്രകാരന് ജോണ്‍ ശങ്കരമംഗലം (84) അന്തരിച്ചു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ ജോണ്‍ പരീക്ഷണ സിനിമകളിലൂടെയാണ് ചലച്ചിത്രലോകത്ത് തന്റെ സാന്നിധ്യം അറിയിച്ചത്. നാലു തവണ രജത കമലവും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
ചങ്ങനാശ്ശേരി എസ്ബി കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പത്തൊന്‍പതാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി. ശേഷം ജോലി രാജിവച്ച് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥാരചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി. പഠനകാലത്ത് തന്നെ നാടകരചനയില്‍ സജീവമായിരുന്നു. ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് സിനിമാരംഗത്തേയ്ക്കുവന്നത്. ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി നിരവധി ഡോക്യുമെന്ററികള്‍ നിര്‍മിച്ചിട്ടുണ്ട്.
പ്രേംനസീര്‍ നായകനായ അവള് അല്പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും പ്രധാന വേഷങ്ങള്‍ ചെയ്ത ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ സമാന്തരം, ശ്രീനിവാസന് നായകനായ സാരാംശം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ജന്മഭൂമിക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.