ആലപ്പുഴ: കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്കെതിരെയുള്ള വ്യാജപ്രചരണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ്. വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുമെന്ന് ഡയറക്ടര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യം വാങ്ങിയാല്‍ ഭൂമി ഡേറ്റാ ബാങ്കിലാക്കുമെന്നും ആനുകൂല്യം ലഭിക്കാന്‍ കുറഞ്ഞത് 10 സെന്റ് ഭൂമി വേണം, റേഷന്‍ കാര്‍ഡില്‍ ജോലി കൃഷിയെന്ന് വേണം തുടങ്ങിയ നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പറന്നു കളിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതൊന്നും കൃഷിവകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകളല്ല. പദ്ധതിയെ തകര്‍ക്കുന്ന തരത്തില്‍ പലകോണുകളില്‍നിന്നായി പ്രചരിപ്പിക്കപ്പെടുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
കിസാന്‍ സമ്മാന്‍ നിധിയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും ശബ്ദശകലങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍.
വ്യാജ പ്രചാരണങ്ങള്‍ ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനെത്തുടര്‍ന്ന് കൃഷിവകുപ്പിന്റെ ഔദ്യോഗിക നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗരേഖകളും മാത്രമേ ഉദ്യോഗസ്ഥര്‍ കണക്കിലെടുക്കേണ്ടതുള്ളൂവെന്ന് സര്ക്കുലറിലറില് വ്യക്തമാക്കുന്നു.