തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിന് എതിരെ നിയമ പോരാട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നാളെ പൊതുതാല്പര്യ ഹര്‍ജി നല്‍കും.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്ന സാമ്പത്തിക ലേലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയെ പിന്തള്ളി അദാനി ഗ്രൂപ്പ് മുന്നില്‍ എത്തിയിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2005ല്‍ 324 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുത്ത് നല്‍കിയത്. ഈ ഭൂമി മറ്റാര്‍ക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സര്‍ക്കാര്‍ വാദിക്കും. ഭൂമി ഏറ്റെടുക്കാന്‍ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നല്‍കാമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടും.
ഒപ്പം തന്നെ സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യുന്ന ആക്ഷന്‍കൗണ്‍സിലും ഹൈക്കോടതിയെ സമീപിക്കും. കൂടാതെ നിയമനടപടിക്കൊപ്പം സമരം ശക്തമാക്കാനും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.