തൃശ്ശൂര്‍: സംസ്ഥാനത്ത് കള്ളുചെത്തുതൊഴിലിന് പ്രിയമേറുന്നു. ആകര്‍ഷകമായ ആനുകൂല്യങ്ങളുള്ളതിനാല്‍ രണ്ടരവര്‍ഷത്തില്‍ കൂടിയത് 1000 തൊഴിലാളികള്‍. ഈ മേഖലയില്‍ ഇപ്പോള്‍ 51,000 പേരാണ് തൊഴിലെടുക്കുന്നത്. ഇതില്‍ 1000 പേര് പുതിയവരാണ്. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം പുതിയതായി എത്തിയ എഴുന്നൂറിലധികം പേര് ചെറുപ്പക്കാരാണ്.
മറ്റ് തൊഴില്മേഖലയിലുള്ളതിനേക്കാള് കൂടുതല്‍ ആനുകൂല്യങ്ങളാണ് ഇവരെ ഈ തൊഴിലിലേക്ക് ആകര്‍ഷിക്കുന്നത്. ഓരോ ജില്ലയിലും ഏറ്റവും കൂടുതല്‍ കള്ളു ചെത്തുന്ന തൊഴിലാളിക്ക് 50,000 രൂപയാണ് സമ്മാനം. തൊഴിലിനിടെയുള്ള അപകടത്തിന് 60,000 രൂപ ചികിത്സച്ചെലവും അപകടമരണത്തിന് ആറുലക്ഷം ഇന്‍ഷുറന്‍സുമുണ്ട്.
കൂടാതെ മക്കളുടെ വിവാഹത്തിന് 40,000 രൂപ, തൊഴില്‍ കാലയളവ് കണക്കിലെടുത്ത് 5000 വരെ മാസപെന്‍ഷന്‍ എന്നിവയുമുണ്ട്. പെന്‍ഷനാകുമ്പോള്‍ നാലുലക്ഷത്തോളമുണ്ടാകും ആനുകൂല്യത്തുക. ഇതെല്ലാം ക്ഷേമനിധിയുടെ ചെലവിലാണ്. ക്ഷേമനിധിയില്‍ ഇപ്പോള്‍35,000 പേരാണുള്ളത്. പാലക്കാട് ജില്ലയിലെ കള്ളുചെത്തുന്ന 15,000 പേര് ക്ഷേമനിധി അംഗങ്ങളായിരുന്നില്ല. ഇവരെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുകയാണ്.