കൊച്ചി: ലൈംഗികാരോപണ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം പഞ്ചാബിലേക്ക് പുറപ്പെടും. ഇതു സംബന്ധിച്ച സന്ദേശം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യംചെയ്യാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം ബുധനാഴ്ച ജലന്ധറിലേക്ക് പോകുന്നത്.
ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിലെ സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലുള്ള സ്വാഭാവിക കാല താമസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരാതി നല്കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ ശ്രമിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. നടപടികളില്‍നിന്ന് പിന്മാറിയാല് 10 സ്ഥലവും ഒരു മഠവും നല്‍കാമെന്ന് വാഗ്ദാനംചെയ്ത് ഒരു വൈദികന് വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തായത്. ഇതില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തിയാല്‍ ഫാ. ജെയിംസ് എര്‍ത്തയിലും നിയമനടപടി നേരിടേണ്ടി വരും.