കൊട്ടിയൂര്‍: മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂര്‍ വെങ്ങലോടിയില് രാജവെമ്പാലക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. വിരിയിക്കാന്‍ വെച്ച 26 മുട്ടകളില്‍ 23 എണ്ണവും വിരിഞ്ഞു. റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) അംഗം റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാമ്പിന്‍കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വനംവകുപ്പ് സംഘം പാമ്പിന്‍മുട്ടകള്‍ വിരിയാന്വെച്ച കൊട്ടിയൂര്‍ വെങ്ങലോടിയിലെ സ്ഥലത്തെത്തിയത്. തനത് ആവാസവ്യവസ്ഥയൊരുക്കി മൂന്നുമാസം മുന്‍പ് വിരിയിക്കാന്‍ മുട്ടകള്‍ വെച്ച കൂടുതുറന്നപ്പോള്ത്തന്നെ അഞ്ചോളം പാമ്പിന്‍കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പുറത്തിറങ്ങിയിരുന്നു.
തുടര്‍ന്ന് മണിക്കൂറുകളെടുത്ത് ബാക്കിമുട്ടകള് ഓരോന്നും വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നു. വിരിയാത്ത മൂന്നെണ്ണത്തില്‍ ഒന്ന് കേടായതും ബാക്കി രണ്ടെണ്ണം നിരീക്ഷണത്തിലുമാണ്. ഓരോ കുഞ്ഞിനും 40 മുതല്‍ 50 വരെ സെന്റീമീറ്റര്‍ നീളമുണ്ട്. കണ്ണൂരില്‍നിന്ന് എത്തിയ ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പാമ്പിന്‍കുഞ്ഞുങ്ങളെ കൈമാറി.