തിരുവനന്തപുരം:അട്ടപ്പാടിയുടെ വികസനത്തില്‍ നാഴികകല്ലായി മാറാന്‍ പട്ടികവര്‍ഗ വകുപ്പിന്റെ അപ്പാരല്‍ പാര്‍ക്ക് തുടക്കമായി. അട്ടപ്പാടിയിലെ തൊഴില്‍രഹിതരായ പട്ടികവര്‍ഗ വനിതകള്‍ക്ക് ആധുനിക വസ്ത്ര നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി, വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ഉറപ്പാക്കുകയാണ് അപ്പാരല്‍ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ അട്ടപ്പാടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള
അപ്പാരല്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി എകെ ബാലന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍ അധ്യക്ഷനായി.
ആദിവാസി സ്ത്രീകള്‍ക്ക് വസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി അപ്പാരല്‍ പാര്‍ക്കില്‍ തൊഴില്‍ നല്‍കും. പട്ടികവര്‍ഗ്ഗ സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ ആദിവാസി ഊരുകളില്‍ വികസന മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്പാരല്‍ പാര്‍ക്കിന് അട്ടപ്പാടിയില്‍ തുടക്കം കുറിച്ചത്. 250ഓളം ആദിവാസി സ്ത്രീകള്‍ക്ക് പദ്ധതിയിലൂടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദിവാസി സ്ത്രീകള്‍ രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കും.
കേരളത്തിലെ പട്ടികവര്‍ഗ്ഗ മേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശമാണ് അട്ടപ്പാടി. ഇവിടെ വിവിധ പദ്ധതികള്‍ വകുപ്പ് മുഖേനയും മറ്റിതര വകുപ്പുകള്‍ മുഖേനയും നടത്തിയെങ്കിലും അവരുടെ സാമൂഹിക – സാമ്പത്തിക വികസനത്തില്‍ പ്രതീക്ഷിച്ചത്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചില്ല. ആ അവസരത്തിലാണ് അവരെ സ്വയംപര്യാപ്തരാക്കാന്‍ സ്വയം തൊഴില്‍ എന്ന ആശയത്തിലേക്കെത്തുന്നത്.
അട്ടപ്പാടിയിലെ യുവതികള്‍ക്ക് തൊഴില്‍ വൈവിധ്യവത്ക്കരണത്തിലൂടെയും, നൈപുണ്യവികസനത്തിലൂടെയും ഉത്പാദനമേഖലയിലും കൂടി തൊഴില്‍ ഉറപ്പാക്കിയെങ്കില്‍ മാത്രമേ അവര്‍ക്കൊരു സ്ഥിരവരുമാനം ഉണ്ടാകുകയുള്ളൂവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് അനുയോജ്യമായ ഒരു പദ്ധതി നടപ്പിലാക്കുവാന്‍ വകുപ്പ് തീരുമാനിച്ചത്.
പരിശീലനത്തിനും പ്രൊഡക്ഷന്‍ സെന്ററിന്റെ സ്ഥാപനത്തിനും ഉള്‍പ്പെടെയുള്ള പദ്ധതിയാണ് വിഭാവനം ചെയ്തതെങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ 255.00 ലക്ഷം രൂപയ്ക്ക് പരിശീലനത്തിനുള്ള പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
അട്ടപ്പാടിയിലെ നിലവിലുള്ള സാമൂഹ്യ – സാമ്പത്തിക പശ്ചാത്തലത്തില്‍ ഇപ്രകാരമൊരു ഉത്പന്നാധിഷ്ഠിത പരിശീലനകേന്ദ്രം ആരംഭിക്കുന്നതറിഞ്ഞ് അട്ടപ്പാടിയിലെ അഞ്ഞൂറിലധികം യുവതികള്‍ അപേക്ഷിക്കുകയും അട്ടപ്പാടി പ്രോജക്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കൂടികാഴ്ചയില്‍ യോഗ്യതയുള്ള 250 പേരെ തെരഞ്ഞെടുത്തു. പരിശീലനാര്‍ത്ഥികള്‍ക്ക് യാത്രാക്കൂലിയും ഭക്ഷണവും നല്‍കിയാണ്പരിശീലനം നടത്തുന്നത്.
ഫാഷന്‍ ടെക്‌നോളജിയില്‍ അനന്തമായ സാദ്ധ്യതകളാണ് ഉള്ളത്. ഇവിടെ വൈദഗ്ദ്യമുള്ളവരെ പരിശീലനത്തിലൂടെ പ്രാപ്തരാക്കി സ്വന്തം ജീവിത നിലവാരം ഉയര്‍ത്തികൊണ്ടുവരുന്നതിന് സാധിക്കുന്നു.
അട്ടപ്പാടിയിലെ 250 പരിശീലനാര്‍ത്ഥികളെ ഊരുകളില്‍ നിന്നും യാത്രാസൗകര്യത്തോടെ ഭക്ഷണം, സ്റ്റൈപ്പന്റ് എന്നിയോടുകൂടി അഗളിയിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ എത്തിക്കുകയും ആധുനിക രീതിയിലുള്ള മെഷീനുകള്‍ ഉപയോഗിച്ച് ഡിസൈനര്‍ മാനുഫാക്ചറിങ് പരിശീലനവും മറ്റ് സംസ്ഥാനങ്ങളിലുള്ള തനത് ഡിസൈനര്‍ ടെക്‌റ്റൈല്‍ ഓര്‍ണമെന്റേഷന്‍ വര്‍ക്കുകളും തുടങ്ങിയ ട്രെന്റി ട്രഡീഷ്ണല്‍ വര്‍ക്കുകളും 6 മാസത്തെ പരിശീലന കാലയളവില്‍ പരിശീലനാര്‍ത്ഥികളെ കയറ്റുമതി നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് വൈദഗ്ദ്യമുള്ളവരാക്കുന്നു.
കൂടാതെ പരിശീലന കാലയളവില്‍ നിര്‍മ്മിക്കുന്ന എല്ലാഫിനിഷ്ഡ് പ്രോഡക്റ്റുകളും (കോട്ടണ്‍ കാരി ബാഗ്, ഡിസൈനര്‍ ടോട്ട് ബാഗ്, നൈറ്റി,ചുരിദാര്‍, ഷര്‍ട്ട്, പാന്റ്, സാരി, സ്‌കര്‍ട്ട്, ഫര്‍ണിഷിങ് ഐറ്റം) ഓരോത്തര്‍ക്കും ലഭിക്കുന്നതാണ്.
സ്റ്റഡി ടൂര്‍, ഫാക്ടറി വിസിറ്റ്, സ്‌ക്രീന്‍ പ്രിന്റിങ് ടെക്‌നോളജി, ക്വാളിറ്റികണ്‍ട്രോള്‍ & പാക്കിങ്, ബിസിനസ്സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ് എന്നിവ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ പരിശീലിപ്പിക്കുന്നതാണ്. അട്ടപ്പാടിയിലുള്ള വനിതകളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഉയര്‍ന്ന വരുമാനം ലഭിക്കുന്നതിനും സാദ്ധ്യമാകുന്നു.
ചടങ്ങില്‍ പി ശിവശങ്കരന്‍ (അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്), സി രാധാകൃഷ്ണന്‍ ( ജില്ലാ പഞ്ചായത്ത് മെമ്പര്‍) എം രാജന്‍ ( സംസ്ഥാന പട്ടികവര്‍ഗ ഉപദേശകസമിതി അംഗം), ആര്‍ പ്രസന്നന്‍(ജോയിന്റ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്) കെ കൃഷണപ്രകാശ് ( പ്രൊജക്ട് ഓഫീസര്‍ ഐടിഡിപി അട്ടപ്പാടി) ജെ ജോസഫൈന്‍ (അസി ഡയക്ടര്‍, പ്ലാനിംഗ് പട്ടികവര്‍ഗ വികസന വകുപ്പ്) എന്നിവര്‍ പങ്കെടുത്തു.