തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ ചില് ബസ് സര്‍വീസുകളുടെ പരീക്ഷണ ഓട്ടം വന്‍ വിജയത്തിലേക്ക്. തിരുവനന്തപുരം-എറണാകുളം റൂട്ടില്‍ മാത്രം ചില ബസ് സര്‍വ്വീസിന്റെ കഴിഞ്ഞ ആറു ദിവസം കൊണ്ട് നേടിയ കളക്ഷന്‍ 24 ലക്ഷം രൂപയോളമാണ്.
ദിവസേന ഏകദേശം നാല് ലക്ഷം രൂപയോളമാണ് ഈ സര്‍വ്വീസിന്റെ കളക്ഷന്‍. 14 എസി ലോഫ്ളോര്‍ ബസ്സുകള്‍ ഉപയോഗിച്ച് ഇരുപതോളം ഷെഡ്യൂളുകള്‍ ആണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ എറണാകുളത്തു നിന്നും കോഴിക്കോട്ടേക്ക് ചില് ബസ് സര്‍വ്വീസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്. വരുന്ന ഓഗസ്റ്റ് ഒന്ന് മുതല്‍ തിരഞ്ഞെടുക്കപ്പെട്ട മറ്റു റൂട്ടുകളില്‍ക്കൂടി ചില ബസ് സര്‍വ്വീസുകള്‍ ആരംഭിക്കും. ഇതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വാന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.
നിലവില്‍ സര്‍വ്വീസ് നടത്തുന്ന ഹെഡ് റസ്റ്റ് ഇല്ലാത്ത ബസുകളില്‍ വൈകാതെ തന്നെ അവ ഘടിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആര്‍ടിസി. സീറ്റുകളുടെ എണ്ണം കൂട്ടുവാനും സാധാരണ സീറ്റുകള്‍ ഒക്കെ കുഷ്യന് സീറ്റുകള്‍ ആക്കി മാറ്റുവാനും ഉദ്ദേശ്യമുണ്ടെന്നു കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി അറിയിച്ചു.
സാധാരണയായി തിരക്ക് അനുഭവപ്പെടുന്ന സമയങ്ങളില്‍ നോക്കിയായിരിക്കും ചില ബസ്സുകള്‍ കൂടുതലായും ഓപ്പറേറ്റ് ചെയ്യുക. ഏഴു ബസ്സുകള്‍ വീതമാണ് എറണാകുളം, തിരുവനന്തപുരം ഡിപ്പോകളില്‍ നിന്നുമായി ചില് ബസ് എന്ന പേരില്‍ സര്‍വ്വീസ് നടത്തുന്നത്. കോഴിക്കോട് എറണാകുളം റൂട്ടില്‍ ചില് ബസ് സര്‍വീസുകള്‍ക്ക് ദിവസേന ഏഴു ലക്ഷത്തോളം രൂപയാണ് കളക്ഷന്‍ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ആലപ്പുഴ വഴി സര്‍വ്വീസ് നടത്തുന്ന ചില് ബസ്സുകള്‍ക്ക് തിരക്കേറിയ സമയങ്ങളില്‍ നല്ല കളക്ഷന്‍ ലഭിക്കുന്നുണ്ട്. തിരക്കേറിയ സമയം നോക്കി എറണാകുളം തിരുവനന്തപുരം റൂട്ടില്‍ അരമണിക്കൂര്‍ ഇടവിട്ടുള്ള സര്‍വ്വീസുകളും പരിഗണനയില്‍ ഉണ്ടെന്നു തച്ചങ്കരി പറയുന്നു. ചില് ബസ്സുകളുടെ വരവോടെ ഈ റൂട്ടുകളില്‍ ബസ്സുകളില്‍ യാത്രക്കാര്‍ക്ക് സീറ്റു ലഭിക്കുന്നില്ലെന്ന പരാതികള്‍ക്ക് കുറവുണ്ടായിട്ടുണ്ട്. എറണാകുളം കോഴിക്കോട് സര്‍വ്വീസുകള്‍ കൂടി വന്നതോടെ വടക്കന്‍ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും അതൊരാശ്വാസം തന്നെയാണ്.
എന്തായാലും ചില് ബസ്സുകളെ യാത്രക്കാര്‍ നെഞ്ചിലേറ്റിയ മട്ടാണ് ഇപ്പോള്‍. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ഹബ്ബുകള്‍ കേന്ദ്രീകരിച്ചാണ് ചില് ബസ്സുകള്‍ പ്രധാനമായും സര്‍വീസുകള്‍ നടത്തുക. ആലപ്പുഴ-തിരുവനന്തപുരം നാലര മണിക്കൂറും ആലപ്പുഴ-എറണാകുളം ഒന്നരമണിക്കൂറുമാണ് യാത്ര സമയമായി കണക്കുകൂട്ടുന്നത്.
ചില് ബസ്സ് ടിക്കറ്റുകള്‍ ഓണ്‍ലൈനായും ബുക്ക് ചെയ്യാമെന്നുള്ളതു കൊണ്ട് യാത്രക്കാര്‍ക്ക് വളരെയേറെ ഉപകാരപ്രദമാണ് ഇവ. ആഗസ്ത് ഒന്നുമുതല്‍ തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും സര്‍വീസുകള്‍ ആരംഭിക്കും. രാവിലെ അഞ്ച് മണിക്കാരംഭിക്കുന്ന സര്‍വീസ് ആലപ്പുഴ വഴിയും അഞ്ചരക്ക് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം വഴിയുമായിരിക്കും.
പിന്നീട് ഓരോ ഒരു മണിക്കൂര്‍ ഇടവിട്ടും എസി ലോഫ്ലോര്‍ ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തും. കോഴിക്കോട് നിന്ന് പാലക്കാടേക്കും കാസര്‍ഗോഡേക്കും രണ്ടു മണിക്കൂര്‍ ഇടവിട്ടാകും ചില് ബസ്സുകള്‍ സര്‍വീസ് നടത്തുക. എറണാകുളത്ത് നിന്ന് മൂന്നാര്‍, കുമളി, തൊടുപുഴ എന്നിവടങ്ങളിലേക്കും തിരുവനന്തപുരം- പത്തനംതിട്ട റൂട്ടിലും ചില് ബസ്സുകള്‍ സര്‍വീസ് നടത്തും.