ചവറ: പുരുഷാധിപത്യം നിലനിന്നിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമായിരുന്ന ചവറ പാറുക്കുട്ടി (75) അന്തരിച്ചു. ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം. അന്‍പതുവര്‍ഷത്തിലധികമായി കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളിലെ സജീവ സാനിദ്ധ്യമായിരുന്നു പാറുക്കുട്ടി. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കേതില്‍ പരേതരായ എന്‍ ശങ്കരന് ആചാരിയുടെയും നാണിയമ്മയുടേയും മകളായാണ് ജനിച്ചത്.
തന്റെ സ്കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠിച്ചു തുടങ്ങി. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള് ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്നും കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചു.
പാറുക്കുട്ടി സ്ത്രീവേഷങ്ങള് കൂടാതെ പുരുഷ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം അവാര്‍ഡ് പോലുള്ള നിരവധി പുരസ്കാരങ്ങള്‍ പാറുക്കുട്ടി നേടിയിട്ടുണ്ട്. അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം’ എന്ന ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.