തൃശ്ശൂര്‍: ട്രെയിന്‍ തെറ്റി കേറി, കൈയ്യില്‍ വണ്ടിക്കൂലിയ്ക്കു പോലും പണമില്ലാതെ
തൃശ്ശൂരില്‍ ഇറങ്ങേണ്ടിവന്ന തമിഴ്നാട് സ്വദേശിയായ യുവാവിന് ആശ്രയമായി മലയാളി യുവാവ്. പത്തനാപുരം സ്വദേശിയായ മിഥുന് മോഹന്‍ എന്ന യുവാവാണ് മനുഷ്യത്വത്തെ തന്റെ പ്രവര്‍ത്തിയിലൂടെ മഹത്തരമാക്കിയത്.
യാത്രക്കിടെ ലിഫ്റ്റ് ചോദിച്ച തമിഴ് പയ്യന് ഭക്ഷണം വാങ്ങി നല്കി, തന്റെ തുടര്‍ യാത്രയില്‍ അവനെയും കൂടെ കൂട്ടി, നെല്ലിയാമ്പതിയും ഓറഞ്ച് തോട്ടങ്ങളും എല്ലാം കാണിച്ച് മനസ്സിന് ആവോളം സന്തോഷം പകര്‍ന്നാണ് മിഥുന് അവനെ തിരിച്ച് യാത്രയാക്കിയത്. സംഭവം മിഥുന് സഞ്ചാരിയെന്ന ഫേസ്ബുക്കില്‍ കുറിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
‘ഒരു കഥ സൊല്ലട്ടാ ‘
തുടങ്ങുന്നേന് മുന്‍പ് പറയാം ഇത് വായിച്ചു തീരുമ്പോള്‍ ഒരാളേലും മാറി ചിന്തിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു..
‘എന്റെ വിശ്വാസം എന്നെ കാക്കട്ടെ ‘
കുതിരാന്‍ തുരങ്കത്തിന്റെ പരിസരത്തുനും ആണ് അവന് കൈ കാട്ടിയത് അതും തികച്ചും ദയനീയമായ മുഖഭാഗത്തോടെ.
വണ്ടിയില്‍ ലിഫ്റ്റ് അടിച്ചു വരുന്നത് ഞങ്ങള്‍ തമിഴ് നാട്ടില്‍ തിരുനെല്‍വേലിയില്‍ പഠിച്ചപ്പോള്‍ മുതല്ക്കേ ഒരു ഹരം ആരുന്നു കൂടുതലും ലോറിയില്‍ തന്നെയാരുന്നു അതുകൊണ്ട് പൊതുവെ ഞാന്‍ ആരേലും കൈകാട്ടിയാല്‍ വണ്ടി അറിയാതെ അങ് നിര്‍ത്തും പ്രേത്യേകിച്ചു കൊച്ചുപിള്ളേര് ആണേല്‍ നല്ല രസമാ.. അതുപോലെ ഒന്ന് നിര്‍ത്തിയതാ
പേര് – കുമാര്‍
സ്ഥലം-തൃച്ചി
ഇവിടെ കേരളത്തില്‍ എങ്ങനെ എന്ന് ചോതിച്ചാല്‍ ട്രെയിന്‍ തെറ്റി കയറി, കോയമ്പത്തൂര്‍ നിന്നും തൃച്ചി പോകേണ്ടതിനു പകരം തൃശ്ശൂര്‍ രാത്രിയില്‍ വന്നു പെട്ടു.. സ്റ്റേഷന് നിന്നും രാവിലെ ഇറങ്ങി, കൈയില്‍ കാശും ഇല്ല ഏകദേശം 15km നടന്നു എങ്ങനെയൊക്കെയോ കുതിരാന്‍ വരെ എത്തിപ്പെട്ടു. എന്റെ ഒപ്പം ഡിയോയില്‍ കയറി യാത്ര തുടങ്ങിയപ്പോള്‍ കിട്ടിയതാ ഇത്രേം..
ആള്‍ക്ക് നല്ല വിക്കുണ്ട് പാവം എന്നെ കണ്ടത് ഉച്ചക്ക്, കൈയില്‍ ക്യാഷ് ഇല്ലെന്നു അറിഞ്ഞപ്പോള്‍ ഇതുവരെയും അപ്പൊ ഒന്നും കഴിച്ചില്ലേ എന്നുള്ള എന്റെ ചോദ്യത്തിന് ഒരല്‍പ്പം വിക്കേറി അവന് പറഞ്ഞു
‘ഇല്ല സേട്ടാ യഥുവുമെ സാപ്പിടലെ’.
പിന്നെ ഒന്നും ചിന്തിച്ചില്ല ആദ്യം ആഹാരം,ആള്‍ക്ക് പാതി ജീവന് വന്നു. ആരും വണ്ടി നിര്‍ത്താത്തതില്‍ അവനു നന്നേ വിഷമം ഉണ്ട്..
എന്താ അല്ലെ മനുഷ്യന്റെ കാര്യം സഹജീവികളെ ആണെന്ന് ഒന്ന് ചിന്തിച്ചാല്‍ ഒരുപക്ഷെ ഇങ്ങനെ ഒന്നും നമ്മുക്ക് ചുറ്റും നടക്കുല..
ജാതിയും,മതവും,മുടിയും, താടിയും, വര്‍ണ്ണവും നോക്കി, റോഡില്‍ അപകടത്തില്‍ പെട്ട് കിടക്കുന്നവനെ കണ്ടിട്ട് കൈയില്‍ ഉള്ള വാഹനത്തില്‍ കയറ്റിലായാല് അത് തലവേദന ആകുമെന്ന് ആദ്യം ചിന്തിക്കുന്ന സമൂഹമേ നിങ്ങള്‍ക്കും ഇതേ അവസ്ഥ വന്നുകൂടില്ല എന്ന് ഒന്ന് ഇടയ്ക്ക് ചിന്തിച്ചാല്‍ നന്ന്..
ഇനിയാണ് ഈ കഥയിലെ ട്വിസ്റ്റ് തുടങ്ങിയത്..
എനിക്ക് പോകേണ്ടത് കോയമ്പത്തൂര്‍ പക്ഷെ ഞാന്‍ പോകുന്ന പോക്കില്‍ ലേശം തിരിഞ്ഞു നെല്ലിയാമ്പതി വരെ കറങ്ങിയേ പോകത്തുള്ളൂ അപ്പൊ ആള് എന്ത് ചെയ്യും…
പിന്നെ ഒറ്റ ചോദ്യം ആരുന്നു പോരുന്നോ കൂടെ ഇപ്പൊ വിശപ്പൊക്കെ മാറിയില്ലേ നിന്നെ ഞാന്‍ നേരം ഇരുട്ടുന്നെന് മുന്‍പ് സ്റ്റേഷനില്‍ എത്തിക്കാം..
കേരളത്തില്‍ എന്തായാലും നീ വന്നു പെട്ടു അതുകൊണ്ട് നിനക്ക് ഓര്‍ക്കാന്‍ നല്ല കുറച്ചു നല്ല നിമിഷങ്ങള്‍ ഞാന്‍ നല്‍കാം എന്തെ??.
ശെരി ചേട്ടാ എന്നെ സ്റ്റേഷനില്‍ വിടുമല്ലോ എങ്കില്‍ പോയേക്കാം..
പിന്നെ അങ്ങോട്ട് സമയം പോയത് ഞാന്‍ അറിഞ്ഞില്ല പാലക്കാടിന്റെ സ്വന്ദര്യവും, അവന്റെ സന്തോഷവും എല്ലാം കൂടി ആയപ്പോള്‍ എന്തോ നേടിയെടുത്ത അനുഭൂതി ആരുന്നു മനസ്സില്‍. വിക്കിയുള്ള അവന്റെ ഓരോ ചോദ്യങ്ങളും നന്നായി കേട്ടു മറുപടി കൊടുത്തുകൊണ്ടേ ഇരുന്നു..
ഹൈ റേഞ്ച് കയറാന്‍ തുടങ്ങിയപ്പോള്‍ കേഴയെ കണ്ടു സേട്ടാ മാന്‍ മാന്‍ എന്ന് കിടന്നു ചിലച്ചതും, എണ്ണിയാലും തീരാത്ത അത്രെയും ചെറു വെള്ളച്ചാട്ടങ്ങളും, കോട മൂടുന്നു മലകളും വഴികളും, എല്ലാത്തിനും ഉപരി കണ്ണാടിയില്‍ കൂടി നോക്കുമ്പോള്‍ തലങ്ങും വിലങ്ങും തല തിരിച്ചു ചിരിച്ചു ഓരോന്നും ആസ്വദിക്കുന്ന അവന്റെ മുഖം കൂടിയായപ്പോള്‍….
നെല്ലിയാമ്പതി എത്തി വേഗം അവനൊരു ഒരു ചായയും രണ്ടു കടിയും, എനിക്ക് ഒരു സുലൈമാനിയും പറഞ്ഞു..
ഞാന്‍ ക്യാഷ് കൊടുക്കുന്നത് കണ്ടിട്ടും വണ്ടിയുടെ രെജിസ്ട്രേഷന് നമ്പര്‍ നോക്കിയും ഒരു ചേട്ടന് വന്നു ചോതിച്ചു ഏത് എസ്റ്റേറ്റ് ജോലിക്ക് ആണ് ഇവനെ എന്ന്…
ഞാന്‍ ചിരിച്ചോണ്ട് പറഞ്ഞു ഇത് അതല്ല എനിക്ക് കളഞ്ഞു കിട്ടിയതാ ഭായ് എന്ന്…
അങ്ങനെ ചോദിക്കാന്‍ പ്രധാന കാര്യം നമ്മുടെ വണ്ടി അടൂര്‍ രെജിസ്ട്രേഷനും തൊട്ടടുതുള്ള എസ്റ്റേറ്റില്‍ ആരെക്കെയോ പത്തനംതിട്ട ഉള്ളവരാണ് പോലും. ഞാന്‍ കാര്യം വിവരിച്ചപ്പോ ചേട്ടനും ഒരു പുഞ്ചിരി തന്നു..
പിന്നെ പറഞ്ഞു ഇപ്പൊ തന്നെ ഇറങ്ങാന്‍ പോവാണോ മരങ്ങള്‍ ഒക്കെ വീണാല്‍ രണ്ടാളും ഇന്ന് പെടും എന്ന്. കുറ്റം പറയല്ലോ അത് ഒന്ന് ടെന്‍ഷന്‍ അടിപ്പിച്ചു, പുള്ളി പറഞ്ഞത് വളരെ ശെരിയാണ് വന്ന വഴിയില്‍ മൊത്തം മണ്ണിടിഞ്ഞും മരം പാതി മുറിച്ചും ഒക്കെ കിടക്കുന്നത് ശ്രെദ്ധിച്ചാരുന്നു..
അവനോടു വേഗം ഗ്ലാസ് വെച്ചിട്ടുണ്ട് വരാന്‍ പറഞ്ഞ് അവിടെ കണ്ട ചേട്ടനോട് ടാറ്റയും കൊടുത്തു താഴ്വാരം പിടിക്കാന്‍ തുടങ്ങി..
വന്നവഴിയില്‍ ഇടയ്ക്ക് വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവരെ കണ്ടപ്പോള്‍ ചെക്കന് ഒരു ഇളക്കം കുളിച്ചാല്‍ കുളിരുമോ പനി പിടിക്കുമോ എന്ന്, ഒന്നും നോക്കിയില്ല രണ്ടും നടക്കുമെന്നും നിങ്ങളുടെ കാലാവസ്ഥ അല്ല, വെള്ളം അല്ല എന്നും അങ് കാച്ചി..
പിന്നെ ഓറഞ്ചിനെ കുറിച്ചും അവിടുത്തെ തണുപ്പിനെ കുറിച്ചും തുടങ്ങി, സത്യം പറയാല്ലോ ഇടയ്ക്ക് മറുപടി കൊടുക്കുമ്പോള്‍ ഞാനും അറിയാതെ വിക്കാന്‍ തുടങ്ങിയോന് ഒന്ന് തോന്നി പോയി…
ആള് പത്താം ക്ലാസ്സ് വരെ പോയിട്ട് ഉള്ളു വീട്ടില്‍ ഒറ്റ മകന് ഏതോ ഹോട്ടലില്‍ ജോലി ചെയ്യുന്നു,അച്ഛന് കൃഷി, അമ്മ വീട്ടില്‍ തന്നെ. എന്തായാലും ഇങ് താഴെ പാലക്കാട് ഹൈവേ പിടിച്ചപ്പോ ആള് എപ്പോ സ്റ്റേഷന് എത്തുമെന്ന് ചോദ്യം തുടങ്ങി. അങ്ങനെ അവിടുന്ന് വാളയാറും കടന്നു ഞങ്ങള്‍ കോയമ്പത്തൂര്‍ സിറ്റി എത്തി പിന്നെ അങ്ങോട്ട് എന്റെ ഗൂഗിള്‍ മാപ്പ് അവന് ആരുന്നു…
അങ്ങനെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഏകദേശം 6:50 കഴിഞ്ഞു പിന്നെ അവനോടു പോയി വണ്ടിയുടെ സമയം തിരക്കാന്‍ ഞാന്‍ പറഞ്ഞു കേട്ട പാതി ആള് ഓടി പോയി തിരക്കിയിട്ടു വന്നു പറഞ്ഞു, സേട്ടാ തൃച്ചിക്ക് ഒര് ട്രെയിന്‍ ഇറുക്കെ അന അത് വന്തു 12 മണി ആയിടും..
അപ്പൊ എന്ത് ചെയ്യും..
നാന് ഈറോഡ് പോയി അംഗേ ഇരുന്ത് ബസ് എയറി വിട്ടുക്ക് പോയിടലാം…
എങ്കില്‍ വേഗം പോയി എടുക്കാന്‍ ഞാന്‍ പറഞ്ഞു, ആള് ഓടി പോയി ടിക്കറ്റ് എടുത്തിട്ട് അതിലും വേഗം ഓടി വരുന്നത് കണ്ട്…
സേട്ടാ ട്രെയിന്‍ 4 പ്ലാറ്റഫോമില്‍ കിടപ്പുണ്ട് ഇപ്പൊ എടുക്കുമെന്ന്..
പെട്ടന്നൊരു താങ്ക്സും ഒരു കെട്ടിപിടുത്തവും തന്നിട്ട് ഒറ്റ ഓട്ടം കൂട്ടത്തില്‍ തിരിഞ്ഞു നോക്കി പാവത്തിന്റെ ഒരു ചിരിയും മറക്കില്ല..
എന്തായാലും ആള് ഓടി പോയിട്ട് ഉണ്ട്,
ഇന്ന് ഇനി അവന് പട്ടിണിയും കിടക്കില്ല ആരോടും കൈ നീട്ടാനും നില്‍ക്കുകയും ഇല്ല അതിനുള്ള മാജിക് ഞാന്‍ ചെയ്തിട്ടുണ്ട്…
ഏറെക്കുറെ കുതിരാന്‍ വരെ ഇത് എന്റെ മാത്രം യാത്ര ആരുന്നു ശേഷം ഞങ്ങളുടെ ആയി അത് പരിണമിച്ചു.