തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതിയില്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ കണ്ണുരുട്ടിയപ്പോള്‍ നിലപാട് മാറ്റിയ ദേവസ്വം ബോര്‍ഡ് രാജി വയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ജനങ്ങളെ വഞ്ചിച്ചു. വിശ്വാസികളോട് കടുത്ത അനീതിയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. സുപ്രീംകോടതിയിലെ നിലപാടില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയെ അനുകൂലിക്കുന്നതായാണ് ഇത്തവണ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്. മുതിര്‍ന്ന അഭിഭാഷകന് രാകേഷ് ദ്വിവേദിയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.
എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തെ ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തു. യുവതീ പ്രവേശനത്തെ നിങ്ങള്‍ നേരത്തെ എതിര്‍ത്തിരുന്നുവല്ലോയെന്ന് അവര്‍ ചോദിച്ചു. ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് അറിയിക്കുന്നത് എന്ന് രാകേഷ് ദ്വിവേദി വ്യക്തമാക്കി.