കോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു. കന്യാസ്ത്രീക്ക് 10 ഏക്കര്‍ സ്ഥലവും പുതിയ മഠവും പണിത് നല്‍കാമെന്ന് വാഗ്ദാനം നല്കുന്ന വൈദികന്റെ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നു.
ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം നിന്ന സിഎംഐ സഭയ്ക്ക് കീഴിലുളള മോനിപ്പളളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ അനുപമയുമായുളള ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കാന്‍ സഹായിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ കന്യാസ്ത്രിയ്ക്ക് വാഗ്ദാനം നല്കുന്ന ഫോണ്‍സംഭാഷണമാണ് പുറത്തായത്.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണച്ച കന്യാസ്ത്രീയ്ക്കാണ് ഈ ഫോണ്‍വിളിയെത്തിയത്. കാഞ്ഞിരപ്പളളിയിലോ റാന്നിയിലോ വീടും വസ്തുവും വാങ്ങിത്തരാന്‍ രൂപത ഒരുക്കമാണ്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം നിര്‍മ്മിച്ചു നല്‍കാമെന്നും കന്യാസ്ത്രീയുമായുളള ഫോണ്‍ സംഭാഷണത്തില്‍ ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്യുന്നു.
ബിഷപ്പിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ സന്നദ്ധത അറിയിച്ചാല്‍ രൂപത എന്തും ചെയ്യാന്‍ തയ്യാറാണെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കന്യാസ്ത്രീ ഇയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.