തിരുവനന്തപുരം: വാഹനാപകടത്തില്‍ എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണന് പരിക്കേറ്റു. സമരപ്പന്തലിനു മുമ്പില്‍ വച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം നാലാംദിവസവും തുടരുകയാണ്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആരോഗ്യ മന്ത്രി കെകെ ശൈലജയും സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയമാണെന്നാണ് സമരസമിതി വ്യക്തമാക്കിയത്. ദുരിതബാധിതര്‍ നടത്തി വരുന്ന സമരം തുടരുമെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തുമെന്നും ഇരകളെ നിശ്ചയിക്കുന്നതില്‍ അതിര്‍ത്തികള്‍ ബാധകമാക്കരുതെന്നുമാണ് സമിതിയുടെ ആവശ്യം.
തലസ്ഥാനത്ത് സമരം നടത്തുന്നത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ്. സമരത്തിന്റെ ആവശ്യങ്ങള്‍ മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്ക്കും നല്‍കുക, കടങ്ങള്‍ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ്.