തിരുവനന്തപുരം: സര്‍ക്കാരും കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമായിട്ടാണ് കെഎസ്ആര്‍സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കിയെന്നും കേസ് കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ പിരിച്ചുവിടലിനെ എതിര്‍ത്തില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരുവഞ്ചൂരിന്റെ ആരോപണം എംപാനല്‍ കണ്ടക്ടര്‍മാരുടെ പിരിച്ചുവിടലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരണാനുമതിക്കുള്ള നോട്ടീസ് നല്‍കിക്കൊണ്ടാണ്. കെഎസ്ആര്‍ടിസി എംഡിയെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കേസിന്റെ നിര്‍ണായക ഘട്ടത്തില്‍ സര്‍ക്കാര്‍ കള്ളക്കളി കളിച്ചുവെന്നും എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടപ്പോള്‍ വിധിക്ക് സാവകാശം തേടുകയല്ലാതെ പിരിച്ചുവിടരുത് എന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തച്ചങ്കരിയും സിപിഎം നേതാക്കളും തമ്മിലുള്ള തര്‍ക്കവും ഗാതഗതമന്ത്രിയും എംഡി ടോമിന് തച്ചങ്കരിയും തമ്മിലുള്ള തര്‍ക്കവും പോലുള്ള കാര്യങ്ങളും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴെടുത്ത നടപടികളല്ലാതെ മറ്റുപോംവഴികളില്ലായിരുന്നുവെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് മറുപടി നല്കി. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ ചര്‍ച്ച എംപാനല്‍ ജീവനക്കാരെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.