തിരുച്ചിറപ്പള്ളി: കേരളത്തില്‍ നിന്നും കടത്തിയ പ്രളയത്തില്‍ നനഞ്ഞ് ചീഞ്ഞ അരി തമിഴ്നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ മില്ലില്‍ നിന്നും കണ്ടെത്തി. കോടായതിനെ തുടര്‍ന്ന് നശിപ്പിച്ച് കളയാന്‍ തീരുമാനിച്ച 100 ലോഡിലേറെ അരിയാണ് തിരുച്ചിറപ്പിള്ളിയിലെ മില്ലില്‍ കണ്ടെത്തിയത്.
പെരുമ്പാവൂരിലെ മില്ലില്‍ നിന്നു സൈറസ് ട്രേഡേഴ്സ് നീക്കിയ അരി തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന് ട്രേഡേഴ്സിന്റെ ഗോഡൗണില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പാലക്കാട്ടെ സ്പെഷല്‍ ബ്രാഞ്ച് സംഘം തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരി കണ്ടെത്തിയത്. അതില്‍ പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ നിലയിലായിരുന്നു.
അതോസമയം തുറയൂരില്‍ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്നാട്ടിലേക്ക് കടത്തിയ ചീഞ്ഞ അരി രൂപം മാറി കേരളത്തിലേക്ക് തന്നെ എത്താനുള്ള സാധ്യതകള്‍ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തില്‍ മോശമായ അരി കേരളത്തിലെ വിപണിയിലേക്ക് എത്തിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.