തിരുവനന്തപുരം: സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ 4752 സ്കൂളില്‍ ആവിഷ്കരിച്ച ഹൈടെക് സ്കൂള്‍ പദ്ധതിക്ക് ഒരു വയസ്സ്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ 58,430 ലാപ്ടോപ്, 42,227 മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, 40,594 മൗണ്ടിങ് കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
കൂടാതെ ഇതിനൊപ്പം തന്നെ 40,621 എച്ച്ഡിഎംഐ കേബിള്‍, 40,614 ഫെയ്സ് പ്ലേറ്റ്, 21,847 സ്ക്രീന്‍, 41,544 യുഎസ്ബി സ്പീക്കര്‍, 4688 ഡിഎസ്എല്‍ആര്‍ ക്യാമറ, 4522 എല്‍ഇഡി ടെലിവിഷന്‍, 4720 ഫുള്‍ എച്ച്ഡി വെബ് ക്യാമുകള്‍ എന്നിവയും നല്‍കിയിട്ടുണ്ട്.
എല്ലാ ക്ലാസ് മുറികളിലും ലാപ്ടോപ്, പ്രൊജക്ടര്‍, സ്പീക്കര്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ പ്രയോജനപ്പെടുത്തി ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാക്കി. ‘സമഗ്ര’ വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ചാണ് ഹൈടെക് പഠനം. സ്കൂളുകളിലെ 92 ശതമാനം അധ്യാപകരും ക്ലാസ് മുറികളില്‍ ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് നവംബറില്‍ നടന്ന ഒന്നാംഘട്ട വിലയിരുത്തല്‍ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
തുടര്‍ വിലയിരുത്തലുകളും മെച്ചപ്പെടുത്തലുകളും നടത്താന്‍ പൊതുവിദ്യാഭ്യാസവകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ചതായി സെക്രട്ടറി എ ഷാജഹാന് അറിയിച്ചു. പ്രൈമറിതല ഹൈടെക് ലാബ് പദ്ധതിക്കും കിഫ്ബി അംഗീകാരം ലഭിച്ചതോടെ വിദ്യാഭ്യാസരംഗത്തെ ആദ്യത്തെ സമ്പൂര്‍ണ ഹൈടെക് സംസ്ഥാനമായി അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിനുമുമ്പ് കേരളം മാറുമെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.