തിരുവനന്തപുരം: ഇനി കടലിന്റെ സൗന്ദര്യം ആസ്വദിച്ച് കൊണ്ട് സൈക്കില്‍ ഓടിക്കാം. തീരദേശ ഹൈവേയുടെ ഭാഗമായി കേരളതീരത്ത് 655.6 കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കിള്‍ ട്രാക്ക് വരുന്നു. കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയാണ് സൈക്കിള്‍ ട്രാക്ക് ഒരുക്കുന്നത്.
ഏകദേശം അഞ്ച് വര്‍ഷം കൊണ്ട് ട്രാക്ക് യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി. തീരദേശ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് രണ്ടുമീറ്റര്‍ വീതിയിലായിരിക്കും ട്രാക്ക് നിര്‍മ്മിക്കുക. കേരളത്തിന്റെ പൗരാണിക തുറമുഖങ്ങളായ വിഴിഞ്ഞം, അഞ്ചുതെങ്ങ്, തങ്കശേരി, പുറക്കാട്, ആലപ്പുഴ, മുസരീസ്, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, തലശേരി തുടങ്ങിയവയെ ബന്ധിപ്പിച്ചാകും തീരദേശ വിശാലപാതയും അതിനോട് അനുബന്ധിച്ചുള്ള സൈക്കിള്‍ ട്രാക്കും ഒരുക്കുന്നത്.
ആദ്യഘട്ടത്തില്‍ തീരദേശ പാതയ്ക്ക് ഒപ്പം 41 കിലോമീറ്ററില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ട്രാക്ക് സജ്ജമാക്കാനാണ് തീരുമാനം. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് ട്രാക്കിന്റെ നിര്‍മ്മാണ ചുമതല. നവകേരള നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച കേരള ഡെവലപ്മെന്റ് ഇന്നവേഷന്‍ കൗണ്‍സില്‍ ആദ്യമായി ചേര്‍ന്ന യോഗം കോസ്റ്റല്‍ സൈക്ലിങ് ടൂറിസം ഡെസ്റ്റിനേഷന്‍ പ്രോജക്ട് പദ്ധതി അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചു. കിഫ്ബി വഴി പദ്ധതിക്ക് നിക്ഷേപം ഉറപ്പിക്കാനും തീരുമാനമായിട്ടുണ്ട്.