കോഴിക്കോട്: എല്ലാ രാജ്യങ്ങളിലും നിയമ ഉപദേഷ്ടാവിനെ കണ്ടെത്തുമെന്നും പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഉടന്‍ നടപ്പിലാക്കുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞു. അദ്ദേഹം കേരള പ്രവാസി സംഘം അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നാടിന്റെ വികസനത്തിന് വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നില്ക്കുന്ന പ്രവാസികള്‍ക്ക് സമാനമായ നീതി കിട്ടിയോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പലപ്പോഴും പ്രവാസികളുടെ ആവശ്യങ്ങള്‍ കടലാസില്‍ ഉറങ്ങാറായിരുന്നു പതിവെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ഇതിന് മാറ്റം വന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശ പൗരന്മാര്ക്ക് വേണ്ടി ക്ഷേമപെന്ഷന് ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്നും മഹാപ്രളയത്തില്‍ സര്‍വതും തകര്‍ന്നപ്പോള്‍ സഹായത്തിന്റെ പെരുമഴ തീര്‍ത്താണ് പ്രവാസികള്‍ സര്‍ക്കാറിനെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷത്തിന് മാത്രമേ ബിജെപി സര്‍ക്കാറിനെ ആശയപരമായി നേരിടാന്‍ കഴിയൂ എന്നും തെരഞ്ഞെടുപ്പ് ഗോദയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞേക്കുമെങ്കിലും ആശയപോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഇത് കൈമോശം വരുമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഇടതുപക്ഷമാണ് മുന്‍ പന്തിയില്‍ എന്നും ഇടതുപക്ഷത്തിന്റെ മൂക്കുകയര്‍ ഉണ്ടെങ്കില്‍ ഭരണം നന്നായി മുന്നോട്ടു പോവുമെന്നും ഒന്നാം യുപിഎ ഗവണ്മെന്റ് ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഹ്റു ഭരണം കഴിഞ്ഞതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും നല്ല ഭരണം ഒന്നാം യുപിഎ സര്‍ക്കാറിന്റെതാണെന്നും ഇടതു പക്ഷത്തിന്റെ പങ്കാണ് ഇതിന് സാഹയകരമായതെന്നും അദ്ദേഹം വ്യക്തമാക്കി.
പരുിപാടിക്ക് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് പിടി കുഞ്ഞുമ്മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി മോഹനന്, എസി ആനന്ദന്, പി സെയ്താലിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്മാന് എ പ്രദീപ് കുമാര്‍ എംഎല്‍എ സ്വഗതവും പ്രവാസി സംഘം ജില്ലാ സെക്രട്ടറി സിവി ഇക്ബാല്‍ നന്ദിയും പറഞ്ഞു.