കൊച്ചി: ജീവിതച്ചെലവിനായി തമ്മനത്ത് മീന്‍ കച്ചവടം ചെയ്ത് ഒറ്റ ദിവസം കൊണ്ട് കേരളമൊട്ടാകെ ചര്‍ച്ചയായ പെണ്‍കുട്ടിയാണ് ഹനാന്‍. കൊച്ചിയിലെ തമ്മനം ജംങ്ഷനില്‍ യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടിയെ ആദ്യം പിന്തുണയ്ക്കാനും പിന്നീട് വ്യാജപ്രചരണങ്ങള്‍ വിശ്വസിച്ച് തെറിവിളിക്കാനും, തെറ്റ് മനസ്സിലാക്കി മാപ്പു പറയാനും മലയാളികള്‍ തയ്യാറായി.
എന്നാല്‍ ഇന്നിപ്പോള്‍ നിരവധിപേരാണ് ഹനാന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വേഷമിട്ടിരുന്ന ഹനാന് ഇപ്പോള്‍ കൂടുതല്‍ സിനിമകളില്‍ നിന്ന് ഓഫറുകള്‍ വന്നിരിക്കുകയാണ്.
ഹാനാന്റെ ജീവിതം വായിച്ചറിഞ്ഞ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ആദ്യ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നത്. ഇതിന് പിന്നാലെ കൂടുതല്‍ സിനിമക്കാര്‍ ഹനാന് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുന്നു.
രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത് സൗബിന്‍ നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ആണ് ഹനാന് ക്ഷണം വന്നിരിക്കുന്നത്. ഇതിന് പുറമെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്.