നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് കാഴ്ചക്കാരുടെ മനം മയക്കുന്ന സൗന്ദര്യമുണ്ട്. വലിയൊരു തടാകത്തിലേക്ക് പതിക്കുന്ന സുന്ദരമായ വെള്ളച്ചാട്ടമാണിത്. എന്നാല്‍ കഴിഞ്ഞ മഴക്കാലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളാംകുണ്ട് വിനോദ സഞ്ചാര കേന്ദ്രം തകര്‍ന്നു. ഇതിന്റെ പുനര്‍നിര്‍മ്മാണം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത് ഡിടിപിസി ജീവനക്കാരുടെ നേതൃത്വത്തിലാണ്.
കേരളാംകുണ്ട് വെള്ളച്ചാട്ടം മലപ്പുറത്തിന്റെ മലയോര മേഖലയായ കരുവാരക്കുണ്ടിന് സമീപത്താണ്. ദിനംപ്രതി നൂറ് കണക്കിന് ആളുകളായിരുന്നു പാറക്കെട്ടിന് മുകളില്‍നിന്ന് ജലാശയത്തിലേക്ക് ചാടാന്‍ എത്തിയിരുന്നത്. പാറക്കെട്ടുകള്‍ക്കടിയിലുള്ള ഈ പ്രദേശത്തേക്ക് ജെസിബിക്കോ ഹിറ്റാച്ചിക്കോ എത്താന്‍ കഴിയില്ല. അതിനാല്‍ തടാകം വൃത്തിയാക്കാന്‍ തുനിഞ്ഞിറങ്ങിയത് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിലെ ജീവനക്കാര്‍ തന്നെയാണ്.
വെള്ളത്തില്‍ വന്നടിഞ്ഞ വലിയ പാറക്കല്ലുകളെല്ലാം മാറ്റിക്കഴിഞ്ഞു. ശേഷിക്കുന്നവ 15 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ തടാകത്തില്‍ ചാടാനാവില്ലെങ്കിലും ഇപ്പോഴും സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്.