ആലപ്പാട് നിവാസികളോട് കൈകോര്‍ത്ത് സണ്ണിവെയ്നും. കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന് സണ്ണി വെയ്നും രംഗത്തെത്തി. ആലപ്പാടിനെ രക്ഷിക്കാനുള്ള ക്യാമ്പെയ്നില്‍ സണ്ണി വെയ്ന്‍ പങ്കു ചേരുന്നുവെന്ന് വെളിപ്പെടുത്തിയത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത വീഡിയയോയിലൂടെയാണ്.
‘കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ പ്രളയത്തില്‍ പെട്ടപ്പോള്‍ സ്വന്തം ജീവന് പോലും നോക്കാതെ ഓടിയെത്തിയവരാണ്. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍. ഇന്ന് വലിയൊരു പ്രതിസന്ധിയെ നേരിട്ടു കൊണ്ടിരിക്കയാണ് ആ തീരദേശഗ്രാമം. നമ്മുടെയെല്ലാവരുടേയും ശബ്ദം അവര്‍ക്കു വേണ്ടി ഉയരേണ്ട ആവശ്യമുണ്ട് എന്നതു കൊണ്ട് ഞാന്‍ അവരോടൊപ്പം ചേരുന്നു, നിങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ സണ്ണി വെയ്ന്‍ പറഞ്ഞു.
അശാസ്ത്രീയ കരിമണല്‍ ഖനനത്തിനെതിരെ കൊല്ലം കരുനാഗപ്പിള്ളിയ്ക്ക് അടുത്തുള്ള തീരദേശമേഖലയായ ആലപ്പാട് പഞ്ചായത്തിലും അടുത്തുള്ള പന്മനയിലുമായി നടക്കുന്ന പ്രദേശവാസികള്‍ റിലേ നിരാഹാരസമരത്തിലാണ്. നാട്ടുകാര്‍ക്കുള്ളത് വാസയോഗ്യമല്ലാതായിക്കൊണ്ടിരിക്കുന്ന പ്രദേശത്തെ മണല്‍ ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യമാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ‘മണല്‍ ഖനനം നിര്‍ത്തൂ..ആലപ്പാടിനെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി സമൂഹമാധ്യമങ്ങളില്‍ സൗഹൃദക്കൂട്ടായ്മകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്
സണ്ണി വെയ്ന്‍ നടനെന്നതിലുപരി, സാമൂഹിക പ്രശ്നങ്ങളില്‍ വളരെ കാര്യമായ ഇടപെടലുകള്‍ നടത്താറുള്ള വ്യക്തിയാണ്. പ്രളയകാലത്ത് നടന് രക്ഷാപ്രവര്ത്തനങ്ങലിലൂം ദുരിതാശ്വാസക്യാമ്പുകളിലും സജീവമായ പങ്കാളിത്തം വഹിച്ചിരുന്നു.