ആലപ്പുഴ: പൂര്‍ണമായും ജലഗതാഗതവകുപ്പിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരാണ് കുട്ടനാട്ടുകാര്‍. ഇവര്‍ക്ക് പുതുവര്‍ഷസമ്മാനവുമായി എത്തിയിരിക്കുകയാണ് ജലഗതാഗത വകുപ്പ്. കുട്ടനാട്ടിലേക്കുള്ള സര്‍വീസിനായി ജലഗതാഗത വകുപ്പ് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചിരിക്കുന്ന അഞ്ച് സ്റ്റീല്‍ ബോട്ടുകളാണ് എത്തിച്ചിരിക്കുന്നത്.
‘ലക്ഷ്യ’ എന്നാണ് ബോട്ടുകളുടെ പേര്. ഒരേസമയം 75 പേര്‍ക്ക് ഇരുന്നുസഞ്ചരിക്കാന് സാധിക്കുന്ന ബോട്ടില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാനാകും. സുഖപ്രദമായ യാത്രയ്ക്കായി കെഎസ്ആര്‍ടിസി-എസി ബസുകളിലേതുപോലെ ആധുനിക രീതിയിലെ സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
ബോട്ടില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ബയോ ടോയ്ലറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സുരക്ഷാസംവിധാനങ്ങളാണ് ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ് നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ബോട്ടിലുള്ളത്.
ഫയര്‍ പമ്പ്, എന്ജിന് ഡ്രൈവര്‍ ബില്‍ജ് പമ്പ്, അന്താരാഷ്ട്ര നിലവാരമുള്ള ലൈഫ് ജാക്കറ്റുകളും ബോട്ടിലുണ്ട്. ശബ്ദവും കമ്പനവും കുറഞ്ഞ 127 എച്ച്പി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടിന് ഏഴു നോട്ടിക്കല്‍ മൈല്‍ വേഗത്തിലും അടിയന്തര സാഹചര്യങ്ങളില്‍ 8.5 നോട്ടിക്കല്‍ മൈല്‍ വേഗത്തിലും കുതിക്കുവാന്‍ സാധിക്കും. അഞ്ചു ബോട്ടുകളില്‍ നാലെണ്ണം നിലവിലെ പഴയ ബോട്ടുകള്‍ക്ക് പകരമായും ഒരെണ്ണം കൈനകരി സര്‍ക്കുലര്‍ സര്വീസിനുമാകും ഉപയോഗിക്കാന്‍ പോകുന്നത്.