കാക്കനാട്: പതിനഞ്ചാം നിലയിലെ ഫഌറ്റിനുള്ളില്‍ കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി എത്തിയത് ഫയര്‍ഫോഴ്സ്. വെള്ളിയാഴ്ച കാക്കനാട് അത്താണിയില്‍ പുറവങ്കരയിലെ ഫഌറ്റിലായിരുന്നു സംഭവം അരങ്ങേറിയത്. അടുക്കള മാലിന്യം കളയാന്‍ അമ്മ പുറത്തേക്കിറങ്ങിയ സമയം ശക്തമായ കാറ്റില്‍ ഓട്ടോമാറ്റിക് വാതില്‍ തനിയെ അടഞ്ഞു ലോക്കായി. തുടര്‍ന്ന് കുഞ്ഞിന്റെ കരച്ചില് കേട്ട് അമ്മയും മറ്റ് താമസക്കാരും ഓടിയെത്തി. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
തുടര്‍ന്ന് സംഭവം അറിഞ്ഞ് തൃക്കാക്കരയില്‍ നിന്നും അഗ്നിശമനസേനയുടെ യൂണിറ്റെത്തി. വാതിലിനോട് ചേര്‍ന്നു നിന്ന് കുട്ടി കരഞ്ഞതിനാല്‍ വാതില്‍ പൊളിച്ച് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഇതോടെ വെന്റിലേറ്ററിലൂടെ സാഹസീകമായി ഫല്റ്റിനുള്ളിലേക്ക് കടക്കുകയായിരുന്നു.