പത്തനംതിട്ട: പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്‌നയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്ന സാഹചര്യത്തില്‍ പുതിയ നിഗമനത്തില്‍ അന്വേഷണ സംഘം. സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലും ജെസ്‌നയുടെ ചിത്രം തെളിഞ്ഞു നില്‍ക്കുന്നത് ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ എളുപ്പം സാധിക്കുമെന്ന് കണ്ടപ്പാടെ ജെസ്‌ന രൂപമാറ്റം നടത്തിയതായാണ് വിലയിരുത്തല്‍. പലരും പലയിടത്തും ജെസ്‌നയെ കണ്ടുവെന്ന് മൊഴി നല്‍കിയെങ്കിലും അന്വേഷണ സംഘത്തിന് പ്രതീക്ഷകള്‍ വിഫലമായിരുന്നു. പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് പോലീസ് അടിയുറച്ച് പറയുന്നുണ്ട്.
ആസൂത്രിതമായി ജെസ്നയെ ആരെങ്കിലും മാറ്റിയിട്ടുണ്ടായിരിക്കുമോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച് വിവരാവകാശരേഖയും സമര്‍പ്പിക്കപ്പെട്ടിരുന്നു. കേസന്വേഷണത്തിനായി ചെലവഴിച്ച തുക, എവിടെയെല്ലാം അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങളായിരുന്നു അന്വേഷിച്ചത്. ഇത്രയും വിവരങ്ങള്‍ ശേഖരിച്ചിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിവരാവകാശ രേഖ പ്രകാരം വിശദാംശങ്ങള്‍ തേടിയവരും അന്വേഷണത്തിന്റെ പരിധിയിലായി.
ജെസ്നയോട് സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയെ ബംഗളുരു മെട്രോയില്‍ കണ്ടെത്തിയെന്ന് കിട്ടിയ വിവരത്തെ തുടര്‍ന്ന് പോലീസ് ബംഗളുരുവില്‍ അന്വേഷണം നടത്തിയെങ്കിലും അത് ജെസ്നയല്ലെന്ന വിവരമാണ് ലഭിച്ചത്. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നും ജെസ്നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായിട്ട് ആയിരുന്നു ഒരാള്‍ പോലീസിന് നല്‍കിയ വിവരം. ചുരിദാറും കണ്ണടയും ധരിച്ച് മെട്രോയില്‍ നിന്ന് ജസ്നയെന്ന് സംശയിക്കുന്ന കുട്ടി ഇറങ്ങി പോകുന്നതാണ് സിസിടിവിയില്‍ ഉള്ളത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. ദൃശ്യങ്ങള്‍ ജസ്നയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് അയച്ചു കൊടുത്തിരുന്നു.
കര്‍ണാടകത്തില്‍ തന്നെ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജസ്നയ്ക്ക് ലഭിച്ച ചില കോളുകള്‍ തന്നെയാണ് പോലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ജസ്നയെ തേടി കൂടുതല്‍ ഫോണ്‍ കോളുകള്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണെന്നാണ് പോലീസ് പറയുന്നത്. കുറച്ചു കോളുകള്‍ കുടകില്‍ നിന്നും വന്നതായും കണ്ടെത്തിയിരുന്നു. കുടക്, മടിക്കേരി, സിന്ധുപുര, വിരാജ്പേട്ട എന്നീ പ്രദേശങ്ങളില്‍ പത്തനംതിട്ട പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.