തിരുവനന്തപുരം: ചെങ്കല്‍ ജോയിന്റ് ഫോര്‍മിങ് സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ഒഴിവ് വരുമ്പോള്‍ അറ്റന്‍ഡര്‍ ആയി നിയമനം നല്‍കാം എന്ന വ്യാജേന സജീവ് എന്ന ആളില്‍ നിന്നുമാണ് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹകരണ സംഘത്തില്‍ തൊഴിലാളികളും കുടുംബങ്ങളും സമരമാരംഭിച്ചു.
സൊസൈറ്റിയില്‍ അറ്റന്‍ഡര്‍ ജോലി നല്‍കാമെന്ന പേരില്‍ സജീവില്‍ നിന്നും 50,000രൂപ വാങ്ങി. ഒഴിവ് വരുമ്പോള്‍ അറ്റന്‍ഡര്‍ ആയി നിയമനം നല്‍കാമെന്ന് ഉറപ്പു നല്കി ഇയാളെ കളക്ഷന്‍ ഏജന്റ് ആയി നിയമിച്ചു. ശേഷം 2012ല്‍ ജോലിയുടെ പേരില്‍ വീണ്ടും ഇയാളില്‍ നിന്നും 5.5ലക്ഷം കൂടി വാങ്ങി. പിന്നീട് സജീവിനെ സംഘത്തിന്റെ നീതി മെഡിക്കല്‍ സ്റ്റോറില്‍ താത്കാലികമായി നിയമിച്ചു. എന്നാല്‍ സംഘത്തില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ ഒഴിവു വന്നപ്പോള്‍ 10ലക്ഷം വാങ്ങി മറ്റൊരാളെ നിയമിക്കുകയായിരുന്നു.
ജോലിയുമായി ബന്ധപ്പെട്ട് ഇതുവരെ 6ലക്ഷം കൈപ്പറ്റിയെന്നാണ് സജീവിന്റെ പരാതി. ഇതു ചോദ്യം ചെയ്ത സജീവിന്റെ പേരില്‍ കള്ളക്കേസ് കൊടുക്കുകയും പുറത്താക്കുകയും ചെയ്തു. സജീവ് കോടതില്‍ നിന്ന് അനുകൂല വിധി നേടിയിട്ടും തിരിച്ചെടുക്കാനോ വാങ്ങിയ പണം തിരികെ നല്‍കാനോ സംഘം തയ്യാറായില്ല. ഇത്തരത്തില്‍ നിരവധി പേര് ജോലിവാഗ്ദാനത്തിന് ഇരയായിട്ടുണ്ടെന്ന് സമരം ചെയ്യുന്നവര്‍ പറയുന്നു. ആവശ്യത്തില്‍ ഉറച്ച് നിന്ന് സമരം ചെയ്യാനാണ് ഇവരുടെ തീരുമാനം.