എറണാകുളം: അന്ധവിശ്വാസത്തിന്റെ പേരില്‍ വടക്കല്‍ പറവൂരില്‍ രക്ഷിതാക്കള്‍ പത്തുവര്‍ഷം വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ സ്കൂളിലയയ്ക്കും. കുട്ടികള്‍ക്ക് ദിവ്യശക്തിയുണ്ടന്ന് വിശ്വസിച്ചാണ് അവരെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ വെള്ളിയാഴ്ച ഹാജരാക്കി. കുട്ടികളും അമ്മയും ഇനി ചൈല്‍ഡ് ഹോമില്‍ നില്ക്കും.
കുട്ടികള്‍ ഉടന്‍തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള ക്യാമ്പസില്‍ പഠനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൗണ്‍സിലിങ്ങും മറ്റും നല്‍കിയശേഷം വിദഗ്ധോപദേശം ആരാഞ്ഞശേഷം കുട്ടികള്‍ വീട്ടില്‍ നിന്ന് പഠനം തുടരണോ വേണ്ടയോ എന്നാലോചിക്കും. സ്കൂളില്‍ അയയ്ക്കാന്‍ അമ്മ തയ്യാറാണ്. ആധാര്‍ അടക്കം കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കിയശേഷം അഡ്മിഷന് കിട്ടുന്നതനുസരിച്ച് ഇവരെ സ്കൂളില്‍ വിടും. അതുവരെ താത്കാലികമായി ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിന്റെകീഴിലുള്ള സ്കൂളില്‍ പഠിക്കും.
കുട്ടികള്‍ക്ക് സാമൂഹിക ബന്ധങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഇല്ലെന്നാണ് പ്രഥാമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. എങ്കിലും ഇതുസംബന്ധിച്ച വിശദമായ പരിശോധന നടത്തും. കുട്ടികളുടെ പിതാവ് ശിശുക്ഷേമ സമിതിക്കുമുന്നില്‍ ഹാജരായില്ല. ഹാജരാകാന്‍ അദ്ദേഹത്തോടും നിര്‍ദേശിച്ചിട്ടുണ്ട്.