തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരങ്ങള്‍ ഇനി സര്‍വ്വീസ് ബുക്കില്‍ ഉള്‍പ്പെടുത്തണം. ജീവനക്കാരന് ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് അയാളുടെ സ്ഥാവരജംഗമ വസ്തുക്കളുടെ പൂര്‍ണവിവരം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി.
സ്വത്ത് വിവരങ്ങള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്തുതന്നെ സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തണമെന്ന് 2016ല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയെങ്കിലും പല ഓഫീസുകളിലും പ്രാവര്‍ത്തികമാക്കിയിരുന്നില്ല. നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ ഉത്തരവ്.
ചട്ടഭേദഗതിവരുത്തി വിജ്ഞാപനമിറങ്ങിയതോടെ സാമ്പത്തിക വിവരങ്ങള്‍ സര്‍വ്വീസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ബന്ധമാകും. ജീവനക്കാരന്റെ ആസ്തിവിവരം പരിശോധിച്ച് അഴിമതി ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായാല്‍ എത്ര വര്‍ഷം കഴിഞ്ഞും സത്യാവസ്ഥ അറിയാന്‍ കഴിയുമെന്നതാണ് പുതിയ ചട്ടഭേദഗതിയുടെ ലക്ഷ്യം.
വിവരങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ഫോമും തയാറാക്കിയിട്ടുണ്ട്. സ്വന്തം പേരിലുള്ളത്, ഭാര്യ/ഭര്‍ത്താവിന്റൈ പേരിലുള്ളത്, മക്കളുടെ പേരിലുള്ളത്, എന്നിങ്ങനെ പ്രത്യേകമായാണ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കുടുംബാംഗങ്ങളുടെ ജോലിയും വരുമാനവും ചോദിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതോടൊപ്പം നല്‍കണം.
ആസ്തി ഭൂമിയാണെങ്കില്, ഭൂമിയുടെ സ്വഭാവം (കര, വയല്‍, തോട്ടം), ഭൂമിയുടെ വില, സര്‍വേ നമ്പര്‍, വില്ലേജ് എന്നിവയും കെട്ടിടമാണെങ്കില്‍ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ കെട്ടിടത്തിന്റൈ വിലയും വസ്തുവിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.