കണ്ണൂര്‍: പുഴുവരിക്കുന്ന മുറിവുകളുമായി പരക്കംപായുന്ന നായ്ക്കള്‍ മലയോര ടൗണുകളില്‍ ഭീതിയുണര്‍ത്തുന്നു. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലാണ മുറിവേറ്റ നിലയിലുള്ള തെരുവു നായ്ക്കളെ കാണുന്നത്. പുഴുവരിച്ച് പാഞ്ഞുനടക്കുന്ന നായ്ക്കള്‍ കാല്‍നടയാത്രക്കാരെ ഭീതിയിലാക്കുകയാണ്. പുറമെ നിന്ന് തെരുവുനായ്ക്കളെ മലയോര ടൗണുകളില്‍ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നുണ്ടൈന്നാണ് നാട്ടുകാരുടെ സംശയം.
ഇത്തരം നായ്ക്കളുടെ എണ്ണത്തില്‍ അടുത്തിടെ വര്‍ധനവുണ്ടായതും നാട്ടുകാരെ ഭയപ്പെടുത്തുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കേളകം ടൗണില്‍ ഇത്തരം നായ്ക്കളെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കൊട്ടിയൂര്‍ ടൗണിലും തലയ്ക്ക് മുറിവേറ്റ നായ്ക്കളെ കണ്ടെത്തിയത് ദുരൂഹത ഉളവാക്കുകയാണ്. ഇത്തരം നായ്ക്കളെ മുന്‍പ് ഈ പ്രദേശങ്ങളില്‍ കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുതുതായി എത്തിയ തെരുവു നായ്ക്കളില്‍ പലതിനും തലയ്ക്ക് മുറിവുള്ളതായി കണ്ടെത്തിയതാണ് ദുരൂഹതയുണ്ടാക്കുന്നത്. നായകള്‍ക്ക് തലയില്‍ മുറിവേല്‍ക്കുന്നത് എങ്ങനെയെന്നും എവിടെ നിന്നാണ് ഇവ എത്തുന്നതെന്നും അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.