കൊച്ചി: മീന്‍ വിറ്റ് ഉപജീവനം നടത്തുന്ന കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായി വനിതാകമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. സോഷ്യല്‍ മീഡിയ എന്തും പറയുന്നവരുടെ കേന്ദ്രമായി മാറുന്നുവെന്നും എംസി ജോസഫൈന് പറഞ്ഞു.
ഇങ്ങനൊരു പെണ്‍കുട്ടി അതിജീവനത്തിനു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതയാക്കപ്പെട്ട സാഹചര്യമാണിത്. അങ്ങനെയൊരവസ്ഥ ആ കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് സമൂഹത്തിന്റെ കുഴപ്പമാണ്. സമൂഹം ഇത് തിരിച്ചറിഞ്ഞ് സഹായഹസ്തം നീട്ടേണ്ടതിനു പകരം ആ കുട്ടിയെ മാധ്യമവിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ഒരു സ്ത്രീ ചെറുത്തു നില്ക്കാന് ശ്രമിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് അപലപനീയമാണ്. വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. കേരളാ പോലീസിന്റെ സൈബര്‍ സുരക്ഷാ വിഭാഗമാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നത്. സംഭവത്തില്‍ പരാതിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഇത്തരക്കാര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.